Football in Malayalam

"മുന്നിട്ടു നിൽക്കുന്ന സമയങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം"- ബാഴ്‌സയുടെ വിജയത്തിൽ പ്രതികരിച്ച് സാവി

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

എൽഷെക്കെതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ നേടിയ ഗോളിലൂടെ ബാഴ്‌സ വിജയം നേടിയതിൽ സംതൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ സാവി. രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളുകൾ വഴങ്ങിയ ബാഴ്‌സലോണ നിർണായകമായ വിജയം നേടിയെങ്കിലും ടീം കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമെന്നും മത്സരങ്ങളിൽ തന്ത്രപരമായി ഇടപെടണമെന്നും സാവി പറഞ്ഞു.

"ചില കാര്യങ്ങൾ ഞങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്‌തു. എന്നാൽ ഞങ്ങൾക്ക് ചില കുറവുകളുണ്ടായിരുന്നു. എൽഷെക്ക് കൂടുതൽ ഓടുകയോ ശൈലിയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടി വന്നില്ല. ഞങ്ങൾക്ക് തന്ത്രപരമായ ഫൗളുകൾ കൂടുതൽ ചെയ്യേണ്ടി വന്നു. ഗോൾ നേടിയതോടെ അവർ മത്സരത്തിലേക്ക് എത്തുകയും പിന്നീടത് 2-2 ആയി മാറുകയും ചെയ്‌തു. ഇതു ഞങ്ങളെ ബാധിച്ചു."

"മൂന്നു പോയിന്റുകൾ വലിയ നേട്ടം തന്നെയാണ്. പക്ഷെ ഞങ്ങൾ ഞങ്ങളുടെ മോഡലിലേക്കും പൊസിഷണൽ ഗെയിമിലേക്കും മടങ്ങേണ്ടതുണ്ട്. ഇതൊരു വഴിത്തിരിവാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷെ ഈ മത്സരം ഞങ്ങൾ സ്വയം കൂടുതൽ സങ്കീർണമാക്കി."

"ഞങ്ങൾ നഷ്ടപ്പെടുത്തിയ ഒരുപാട് അവസരം ഉണ്ടായിരുന്നു, അവർ ഞങ്ങളുടെ പിഴവുകളിലാണ് അതിജീവിച്ചത്, അതൊരിക്കലും ചെയ്യാൻ കഴിയില്ല. ഞങ്ങൾക്ക് കൂടുതൽ ചെയ്യേണ്ടതുണ്ട്, മുന്നിട്ടു നിൽക്കുമ്പോൾ ഞങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം. പോയിന്റുകൾ നേടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്." സാവി പറഞ്ഞു.

മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ യുവതാരം ഗാവിയുടെ പ്രകടനത്തെപ്പറ്റിയും സാവി പറഞ്ഞു. "ഗംഭീരമായൊരു മത്സരമാണ് താരം കളിച്ചത്. അഭിനിവേശവും വ്യക്തിത്വവും താരത്തിനുണ്ട്. അതിന്റെ പേരിലും ഗോളുകൾ, അസിസ്റ്റുകൾ എന്നിവക്കു വഴിയൊരുക്കാൻ കഴിയുന്നതിനാലും താരം ടീമിലുള്ളത് വളരെ വലിയ കാര്യമാണ്."

"ഗാവി ടീമിന്റെ ഭാവിയാണ്. താരം മാത്രമല്ല, അറഹോ, ബാൽദേ, നിക്കോ, അബ്ദെ എന്നിവരെല്ലാം ഈ ടീമിന്റെയും ക്ലബ്ബിന്റെയും ഭാവിയാണ്. വളരെ മികച്ച ഒരു തലമുറയാണത്. റിക്വി പുയ്‌ജ്ഉം അങ്ങിനെ തന്നെ. ആ പ്രായത്തിൽ ഞാൻ ഭയന്നിരുന്നു, പക്ഷെ ഇവർ വളരെ മികച്ചു നിൽക്കുന്നു." സാവി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit