ആദ്യപകുതിക്കു ശേഷം ദേഷ്യം വന്നു, ബാഴ്സയുടെ വിജയം അർഹിച്ചതു തന്നെയെന്ന് സാവി


എൽഷെക്കെതിരായ ലാ ലിഗ മത്സരത്തിൽ ബാഴ്സലോണ വിജയം അർഹിച്ചതു തന്നെയെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ എൽഷെയുടെ മൈതാനത്ത് വിജയം നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഫെറൻ ടോറസ്, മെംഫിസ് ഡീപേയ് എന്നിവർ നേടിയ ഗോളുകളിലാണ് വിജയം സ്വന്തമാക്കിയ ബാഴ്സ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
"ഞങ്ങൾ വിജയം അർഹിച്ചിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല. പക്ഷെ ഞങ്ങളുടെ ടീം വളരെ ആക്രമണോത്സുകതയോടെ കളിച്ചിരുന്ന എൽഷെക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്, അവർ കൃത്യമായി പൊസിഷൻ ചെയ്താണ് കളിച്ചിരുന്നത്."
Barcelona have gone 11 games unbeaten in LaLiga!
— ESPN FC (@ESPNFC) March 6, 2022
Xavi ball different ? pic.twitter.com/hkXCoV9mDu
"രണ്ടാം പകുതിയിൽ ടീം മുന്നോട്ടു വന്നു, ആദ്യപകുതിയെ അപേക്ഷിച്ച് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. വളരെ പ്രധാനപ്പെട്ട വിജയമായിരുന്നു ഇത്, ടീമിന്റെ വിജയം, നിർണായക വിജയം." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.
"ആദ്യപകുതിയിൽ ഞങ്ങൾ തുറന്നെടുത്ത അവസരങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾ പിന്നിൽ നിൽക്കാൻ അർഹരായിരുന്നില്ല എന്നതിനാൽ എനിക്ക് ദേഷ്യം വന്നിരുന്നു. എൽഷെ ഗോൾകീപ്പർ വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എനിക്ക് ദേഷ്യവും അമർഷവും വന്നിരുന്നു."
"എന്നാൽ ഞങ്ങൾ കൂടുതൽ ആക്രമണത്തിലൂന്നി കളിച്ചാൽ വിജയം നേടുമെന്ന് എനിക്കെപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. അതു തന്നെയാണ് ഞാൻ കളിക്കാരോടും പറഞ്ഞത്. ഫെറൻ ടോറസിനെ വെച്ച് ഞാൻ പൊസിഷനിൽ മാറ്റം വരുത്തിയത് വിജയം കാണുകയും ചെയ്തു." സാവി പറഞ്ഞു.
ബാഴ്സലോണയുടെ കഴിഞ്ഞ അഞ്ചു ഗോളുകളും പകരക്കാരായി ഇറങ്ങിയ താരങ്ങളാണ് നേടിയത് എന്നതിനെ പറ്റിയും സാവി പറഞ്ഞു. ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്ന നിരവധി താരങ്ങൾ പുറത്തിരിക്കുന്നുണ്ടെന്നും അതിൽ തനിക്ക് വിഷമമുണ്ടെന്നും സാവി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.