ബാഴ്‌സലോണയിൽ തുടരാൻ ഡി ജോങിനു മുന്നിൽ ഉപാധി വെച്ച് സാവി
By Sreejith N

ബാഴ്‌സലോണയിൽ തന്നെ വരുന്ന സീസണിലും തുടരാൻ മധ്യനിര താരമായ ഫ്രാങ്കീ ഡി ജോംഗിനു മുന്നിൽ ഉപാധി വെച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. കാറ്റലൻ ക്ലബിൽ തന്നെ തുടരാൻ ഡച്ച് താരം നിലവിലെ പ്രതിഫലം വെട്ടിക്കുറക്കാൻ തയ്യാറാകണമെന്നാണ് സാവി ആവശ്യപ്പെട്ടത്. ഇതിനു പുറമെ സെന്റര് ബാക്കായി താരത്തെ ഉപയോഗിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.
സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിക്കപ്പെട്ട താരമാണ് ഡി ജോംഗ്. ബാഴ്‌സയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ട്രാൻസ്‌ഫറിൽ ധാരണ ആയെങ്കിലും നെതർലാൻഡ്‌സ് താരം അതിനു സമ്മതം മൂളിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് ബാഴ്‌സലോണ ഏതാനും താരങ്ങളെ സമ്മറിൽ ടീമിന്റെ ഭാഗമാക്കിയെങ്കിലും അവരുടെ രജിസ്‌ട്രേഷൻ പൂർണമായും [പൂർത്തിയാക്കാൻ നിലവിലെ വേതനബ്ബിൽ കുറക്കേണ്ടത് അത്യാവശ്യമാണ്. പ്രതിഫലം കുറക്കാൻ ഡി ജോങ്ങിനോട് ഈ സാഹചര്യത്തിലാണ് സാവി ആവശ്യപ്പെട്ടതെന്ന് എഎസ് റിപ്പോർട്ടു ചെയ്യുന്നു.
പ്രതിഭയുള്ള മധ്യനിര താരമാണെങ്കിലും ബാഴ്‌സലോണയിൽ തന്റെ ഏറ്റവും മികച്ച പ്രകടനം സ്ഥിരമായി നടത്താൻ ഡി ജോങിന് കഴിഞ്ഞിട്ടില്ല. 2022-23 സീസണിൽ മുപ്പതു മില്യൺ യൂറോ പ്രതിഫലം പറ്റാനിരിക്കുന്ന താരത്തിന്റെ പ്രതിഫലം കുറയ്ക്കണമെന്ന വാദം ബാഴ്‌സ ഉയർത്തുന്നത് സ്ഥിരതയില്ലാത്ത പ്രകടനം കൂടി ചൂണ്ടിക്കാട്ടിയാണ്.
റിപ്പോർട്ടുകൾ പ്രകാരം പ്രതിഫലം വീണ്ടും വെട്ടിക്കുറയ്ക്കാൻ ഡി ജോംഗ് സാവിയോട് സമ്മതം അറിയിച്ചിട്ടുണ്ട്. അത് സംഭവിച്ചാൽ ഡി ജോംഗ് ക്ലബിൽ തന്നെ തുടരാനും ബാഴ്‌സലോണ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനും വഴിയൊരുക്കും.