FC Barcelona News

മെസിയെ വീണ്ടും ബാഴ്‌സലോണയിലെത്തിക്കാൻ ആവശ്യപ്പെട്ട് സാവി

Sreejith N
Xavi Asked Barcelona To Sign Messi In 2023
Xavi Asked Barcelona To Sign Messi In 2023 / Quality Sport Images/GettyImages
facebooktwitterreddit

ലയണൽ മെസിയെ വീണ്ടും ബാഴ്‌സലോണയിലെത്തിക്കാൻ ക്ലബ് പരിശീലകനായ സാവി ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തെ നിലവിലെ കരാർ അവസാനിക്കുമ്പോൾ ടീമിലെത്തിക്കാനാണ് സാവി ആവശ്യപ്പെട്ടതെന്ന് കാറ്റലൻ മാധ്യമം സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു.

സാമ്പത്തികപ്രതിസന്ധികളെ തുടർന്നാണ് കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണ ലയണൽ മെസിയെ ഒഴിവാക്കിയത്. 2023 വരെ നീണ്ടു നിൽക്കുന്ന കരാറിൽ താരം പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു. കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ താരത്തിന് കഴിയുമെങ്കിലും അതിനു മുൻപ് മെസിയെ ബാഴ്‌സ സ്വന്തമാക്കണമെന്നാണ് സാവി ആവശ്യപ്പെട്ടത്.

മെസിയെ വീണ്ടും ടീമിലേക്കെത്തിക്കുന്നത് ബാഴ്‌സലോണയെ സാമ്പത്തികമായും കായികപരമായും സഹായിക്കുമെന്ന് സാവി കരുതുന്നു. നിലവിൽ മുപ്പത്തിയഞ്ചു വയസാണ് താരത്തിന്റെ പ്രായമെങ്കിലും ഇനിയും ഏതാനും വർഷങ്ങൾ കൂടി താരത്തിന് തന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള പ്രകടനം നടത്താൻ കഴിയുമെന്നും ബാഴ്‌സ പരിശീലകൻ വിശ്വസിക്കുന്നുണ്ട്.

ഇതിനു പുറമെ ലയണൽ മെസി ക്ലബ് വിട്ടതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സങ്കീർണതകൾക്ക് അയവു വരുത്താനും ഈ തിരിച്ചു വരവിനു കഴിയുമെന്ന് സാവി വിശ്വസിക്കുന്നു. മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കിയതിൽ ബാഴ്‌സലോണയിലെ ഒരു വിഭാഗം ആരാധകക്ക് ഇപ്പോഴും അമർഷമുണ്ടെന്നതടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാനും ഈ നീക്കത്തിനു കഴിയും.

മെസി ക്ലബ്ബിലേക്ക് വന്നത് പിഎസ്‌ജിക്ക് സാമ്പത്തികമായി വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതേസമയം താരത്തിന്റെ അഭാവം ബാഴ്‌സലോണയെ സാമ്പത്തികമായി ബാധിക്കുകയും ചെയ്‌തു. ഇതെല്ലാം പരിഹരിച്ച് ആഗോളതലത്തിൽ ബാഴ്‌സലോണയെ വീണ്ടും ഉന്നതിയിൽ എത്തിക്കുന്നതിന് മെസിയുടെ തിരിച്ചു വരവിനു കഴിയുമെന്നു കൂടി പരിഗണിച്ചാണ് താരത്തെ തിരികെ കൊണ്ടു വരാൻ സാവി ആവശ്യപ്പെടുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit