La Liga

കാഡിസിനെതിരായ ഞെട്ടിക്കുന്ന തോൽ‌വിയിൽ രോഷം പ്രകടിപ്പിച്ച് ബാഴ്‌സലോണ പരിശീലകൻ സാവി

Sreejith N
Xavi Angry After Cadiz Defeat Barcelona At Camp Nou
Xavi Angry After Cadiz Defeat Barcelona At Camp Nou / Eric Alonso/GettyImages
facebooktwitterreddit

ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ കാഡിസിനെതിരെ ബാഴ്‌സലോണ വഴങ്ങിയ തോൽ‌വിയിൽ രോഷം പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ലീഗിൽ തരം താഴ്ത്തൽ മേഖലയ്ക്കു തൊട്ടടുത്തു നിൽക്കുന്ന കാഡിസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്തു തോൽവി വഴങ്ങിയത്. സ്വന്തം മൈതാനത്ത് ബാഴ്‌സലോണയുടെ തുടർച്ചയായ രണ്ടാമത്തെ തോൽവി കൂടിയായിരുന്നു ഇന്നലത്തേത്.

പെഡ്രി, പിക്വ, റൊണാൾഡ്‌ അറോഹോ തുടങ്ങിയ താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ മത്സരത്തിന്റെ ആദ്യ പകുതിയിൽ നിറം മങ്ങിയ പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാഡിസ് മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം ബാഴ്‌സലോണ ഒന്നുണർന്നെങ്കിലും ഗോൾ മടക്കാൻ അവർക്കായില്ല. ഇതോടെ ലാ ലിഗയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കു വേണ്ടിയുള്ള പോരാട്ടം ഒന്നുകൂടി ശക്തമാകും എന്നുറപ്പായി.

"ഞാൻ ദേഷ്യത്തിലാണ്, കാരണം ഞങ്ങൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പോരാടുന്നവരിൽ നിന്നും അകലെ നിൽക്കാനുള്ള വലിയൊരു അവസരമാണ് നഷ്‌ടമാക്കിയത്. അതിനു പുറമെ ലീഗ് കിരീടപ്പോരാട്ടത്തിനോടും പ്രായോഗികമായി ഞങ്ങൾ ഗുഡ് ബൈ പറഞ്ഞിരിക്കുന്നു. ഞങ്ങൾ കുറച്ചു കൂടി നിശ്ചയദാർഢ്യത്തോടെ കളിക്കണം. ഇതു ബാഴ്‌സലോണയാണ്, ഞങ്ങൾ കൂടുതൽ ചെയ്യണം. എതിരാളികൾ പ്രതിരോധത്തിലേക്ക് വലിയുമ്പോൾ ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കണം. ബോക്‌സിലേക്ക് ഞങ്ങൾ കൂടുതൽ എത്തണം, അതിനു ഞങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്." സാവി മാധ്യമങ്ങളോട് പറഞ്ഞു.

"ടീമിന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന വിമർശനം ഉയർത്തിയ സാവി ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പോരാടുന്നതിനിടെ വഴങ്ങിയ തോൽവിയാണ് തനിക്ക് കൂടുതൽ ദേഷ്യം തോന്നാൻ കാരണമെന്ന് വ്യക്തമാക്കി. ടീം ഒന്നും ചെയ്യില്ലെന്നതടക്കം എല്ലാം തനിക്ക് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം സിസ്റ്റത്തിൽ ചെറിയ മാറ്റം വന്നിട്ടുണ്ടെന്നു സമ്മതിച്ചു. ചാമ്പ്യൻസ് ലീഗിൽ പൊരുതാൻ ടീം ഒന്നുകൂടി മെച്ചപ്പെടണമെന്നും ആദ്യം തന്നെ ഗോളുകൾ നേടാനും ഗോളുകൾ വഴങ്ങുന്നത് ഒഴിവാക്കാനും ശ്രമിക്കണമെന്നും സാവി കൂട്ടിച്ചേർത്തു.

കാഡിസിനെതിരെ തോൽവി വഴങ്ങിയെങ്കിലും ബാഴ്‌സലോണ ഇപ്പോഴും ലീഗിൽ രണ്ടാം സ്ഥാനത്തു തന്നെയാണ് നിൽക്കുന്നത്. 31 മത്സരങ്ങളിൽ നിന്നും ബാഴ്‌സലോണക്ക് 60 പോയിന്റുള്ളപ്പോൾ 32 മത്സരങ്ങളിൽ നിന്നും അത്രയും പോയിന്റുള്ള സെവിയ്യ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്നു. 32 മത്സരങ്ങളിൽ നിന്നും 57 പോയിന്റുള്ള റയൽ ബെറ്റിസ്‌, 55 പോയിന്റുള്ള റയൽ സോസിഡാഡ് എന്നീ ടീമുകളും ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit