മെസിയെപ്പറ്റി ആലോചിക്കുമ്പോൾ വേദനയുണ്ടെന്ന് സാവി, മറ്റൊരു ജേഴ്സിയിൽ താരത്തെ സങ്കൽപ്പിക്കാനാവില്ലെന്ന് ഇനിയേസ്റ്റ


ലയണൽ മെസി ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയതിൽ പ്രതികരണവുമായി ക്ലബിന്റെ ഇതിഹാസങ്ങളും മെസിയുടെ മുൻ സഹതാരങ്ങളുമായിരുന്ന സാവിയും ഇനിയേസ്റ്റയും. മെസിക്കു ക്ലബ് വിടേണ്ടി വന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ വേദനയുണ്ടെന്ന് സാവി പറഞ്ഞപ്പോൾ താരത്തെ മറ്റൊരു ജേഴ്സിയിൽ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നാണ് ഇനിയേസ്റ്റ പ്രതികരിച്ചത്.
"ലിയോയെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വേദനയുണ്ട്. ക്ലബിന് ഈ കാര്യത്തിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ഖേദകരമാണ്. ലിയോക്ക് ക്ലബിനൊപ്പം തന്നെ തുടരാനായിരുന്നു താൽപര്യമെന്ന് എനിക്കറിയാം. പക്ഷെ അവസാനം അത് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല."
Xavi and Iniesta can’t believe Messi has really left Barcelona ? pic.twitter.com/unSUJPqJba
— Goal (@goal) August 11, 2021
"താരത്തെ വളരെയധികം മിസ് ചെയ്യുമെന്നാണ് ഈ അവസരത്തിൽ എനിക്ക് പറയാൻ കഴിയുന്ന ഒരേയൊരു കാര്യം. ബാഴ്സയുടേതല്ലാത്ത ഒരു ജേഴ്സിയിൽ മെസിയെ കാണുന്നത് അതിനേക്കാൾ വിഷമകരമാണ്. ലിയോക്കിത് വേദനാജനകമാണ്, ബാഴ്സലോണക്കും," സാവി ടൈംസിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
അതേസമയം മെസി ഫ്രാൻസിലെത്തിയതിനെ കുറിച്ച് ഇനിയേസ്റ്റ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. "മറ്റൊരു ടീമിന്റെ ജേഴ്സിയിൽ താരത്തെ കാണുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിശ്വസനീയമെന്നത് ശരിയായ വാക്കാണോ എന്നെനിക്ക് അറിയില്ല. ലിയോ ഇത്രയും വർഷങ്ങളായി ബാഴ്സക്കൊപ്പമുണ്ട്. എന്നാൽ ചില സമയങ്ങളിൽ കാര്യങ്ങളെ തീരുമാനിക്കുന്നത് സാഹചര്യങ്ങളാണ്," ഇനിയേസ്റ്റ എഎഫ്പിയോട് പറഞ്ഞു.
അതേസമയം മെസിയുടെ അഭാവത്തിലും ബാഴ്സലോണ യൂറോപ്യൻ ഫുട്ബോളിൽ ഒരു പ്രധാന ശക്തിയായി തുടരുമെന്ന് ഇനിയേസ്റ്റ പറഞ്ഞു. കഴിവുള്ള, നിരവധി പുതിയ താരങ്ങൾ ടീമിലേക്ക് വരുന്നുണ്ടെന്നും അവർക്ക് ടീമിനെ കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണ് മുപ്പത്തിയേഴുകാരനായ താരം പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.