"ഇതു വിശ്വാസത്തിൽ നിന്നും നേടിയെടുത്ത വിജയമാണ്"- ബാഴ്‌സലോണയുടെ ജയത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് സാവി
By Sreejith N

കോപ്പ ഡെൽ റേ റൗണ്ട് ഓഫ് 32ൽ ലിനാരസിനെതിരെ ബാഴ്‌സ പൊരുതി നേടിയ വിജയത്തിൽ സംതൃപ്‌തി പ്രകടിപ്പിച്ച് പരിശീലകൻ സാവി ഹെർണാണ്ടസ്. ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിരുന്ന ബാഴ്‌സലോണ രണ്ടാം പകുതിയിൽ ഒസ്മാനെ ഡെംബലെ, ഫെറൻ ജുഗ്‌ള എന്നിവർ നേടിയ ഗോളുകളിലാണ് നിർണായകമായ വിജയം സ്വന്തമാക്കിയത്. ചില പോരായ്‌മകൾ ഉണ്ടായിരുന്നെങ്കിലും മത്സരത്തിൽ ടീം കാണിച്ച പ്രയത്നത്തെ സാവി അഭിനന്ദിച്ചു.
"വളരെ പ്രധാനപ്പെട്ട വിജയവും അടുത്ത ഘട്ടത്തിലേക്കുള്ള മുന്നേറലുമാണിത്. അവരുടെ മേധാവിത്വവും ഞങ്ങളുടെ ലാസ്റ്റ് പാസും മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു, അതിലാണ് പ്രതിഭ വിലയിരുത്തപ്പെടുന്നത്. രണ്ടാം പകുതിയിൽ ഞങ്ങൾ കുറച്ചു കൂടി മെച്ചപ്പെട്ടിരുന്നു. മൈതാനം വളരെ ചെറുതായിരുന്നതും മത്സരത്തെ ബാധിച്ചു. അത് പ്രതിഫലിക്കുകയും ചെയ്‌തിരുന്നു."
Full Time! #LinaresBarça pic.twitter.com/7g8QhKqdj7
— FC Barcelona (@FCBarcelona) January 5, 2022
"വിജയം ഒരു ചുവടുവെപ്പാണ്. രണ്ടാം പകുതിയിൽ ഞാൻ അവരോട് ഇതു വിശ്വാസം കൊണ്ടു നേടിയെടുത്ത ജയമാണെന്നു പറഞ്ഞിരുന്നു. ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞതിന്റെ കൂടിയാണിത്. ഞങ്ങൾ മുന്നോട്ടു പോയതിൽ ഞാൻ വളരെ സന്തോഷവാനാണ്." സാവി മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
"ടീമിന്റെ ഫോർമേഷൻ വളരെ സാഹസം നിറഞ്ഞതായിരുന്നു. മാറ്റങ്ങളിൽ അവർക്ക് നമ്മളെ മനസിലാക്കി പ്രവർത്തിക്കാൻ കഴിയും. ഞങ്ങളുടെ പിഴവിലും ശ്രദ്ധക്കുറവിലുമാണ് ഒരു ഗോൾ പിറന്നത്. മേധാവിത്വം സ്ഥാപിക്കാനാണ് ഞാൻ ശ്രമിച്ചത്. ആദ്യ പകുതി മോശമായിരുന്നില്ല, രണ്ടാം പകുതിയിൽ കുറച്ചുകൂടി ഒഴുക്ക് കളിക്കുണ്ടായിരുന്നു. പന്തിൽ ആധിപത്യം സ്ഥാപിക്കാനും പ്രതിരോധം ക്രമപ്പെടുത്താനുമാണ് ഞങ്ങൾ ശ്രമിച്ചത്."
മത്സരത്തിൽ ടീം മികച്ചു നിന്നെങ്കിലും ചെറിയ പിഴവുകളും ശ്രദ്ധയില്ലായ്‌മയും ടീമിനു തിരിച്ചടി നൽകാനുള്ള സാധ്യതയെയും സാവി ചൂണ്ടിക്കാട്ടി. ടീമിന്റെ തന്ത്രങ്ങൾ എന്നതിൽ ഉപരിയായി താരങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ജയം കൊണ്ടു വന്നതെന്നും അത്തരത്തിൽ ഒരു ചുവടു മുന്നോട്ടു വെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സാവി വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.