Football in Malayalam

വിജയമാണ് വേണ്ടത്, സെവിയ്യക്കെതിരായ ബാഴ്‌സലോണയുടെ മികച്ച പ്രകടനത്തിലും പൂർണ തൃപ്‌തനാവാതെ സാവി

Sreejith N
Sevilla v FC Barcelona - La Liga Santander
Sevilla v FC Barcelona - La Liga Santander / Soccrates Images/GettyImages
facebooktwitterreddit

ഇന്നലെ നടന്ന മത്സരത്തിൽ ലാ ലിഗയിലെ രണ്ടാം സ്ഥാനക്കാരായ സെവിയ്യക്കെതിരെ സമനില വഴങ്ങേണ്ടി വന്നെങ്കിലും ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് പ്രതീക്ഷ പകരുന്ന പ്രകടനമാണ് ടീം കാഴ്‌ച വെച്ചത്. സെവിയ്യക്കെതിരെ അവരുടെ മൈതാനത്ത് ആധിപത്യം സ്ഥാപിച്ച ബാഴ്‌സ അവസരങ്ങൾ കൂടുതൽ സൃഷ്‌ടിച്ചെങ്കിലും പപ്പു ഗോമസിലൂടെ ആതിഥേയരാണ് മുന്നിലെത്തിയത്. എന്നാൽ ആദ്യ പകുതിയിൽ തന്നെ റൊണാൾഡ്‌ അറഹോയിലൂടെ ബാഴ്‌സ സമനില ഗോൾ നേടുകയായിരുന്നു.

മത്സരത്തിൽ സെവിയ്യക്കെതിരെ ആധിപത്യം സ്ഥാപിച്ച് നിലവിലെ സാഹചര്യത്തിൽ മികച്ചൊരു ഫലം സ്വന്തമാക്കിയെങ്കിലും പരിശീലകൻ സാവി അതിൽ തൃപ്‌തനല്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ടീമിന്റെ മനോഭാവത്തിലും അവർ പുറത്തെടുത്ത അധ്വാനത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു എങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ബാഴ്‌സലോണ വിജയം നേടിയേ തീരു എന്നാണു സാവി മത്സരത്തിനു ശേഷം പറഞ്ഞത്.

"ഇതു കയ്പ്പും മധുരവും നിറഞ്ഞൊരു ഫലമായിരുന്നു, എന്നെ സംബന്ധിച്ച് ഇന്നുറങ്ങാൻ വളരെ ബുദ്ധിമുട്ടായിരിക്കും. ഞങ്ങൾ വിജയിക്കണമായിരുന്നു. പ്രത്യേകിച്ചും ഒരാൾ അധികമായിരുന്നു എന്ന ആനുകൂല്യം കണക്കിലെടുക്കുമ്പോൾ." രണ്ടാം പകുതിയിൽ ആൽബയുടെ മുഖത്തേക്ക് പന്തു കൊണ്ടെറിഞ്ഞ് ജൂൾസ് കൂണ്ടെ ചുവപ്പുകാർഡ് നേടി പുറത്തായതിനെ പരാമർശിച്ച് സാവി [പറഞ്ഞു.

"ഒരാൾ അധികമുണ്ടാവുമ്പോൾ ഞങ്ങൾ ശാന്തരാകണം. ആദ്യ പകുതിയിൽ ഞങ്ങൾ വളരെ മികച്ചതായിരുന്നു, ടീം വളർന്നു കൊണ്ടിരിക്കയാണ്. പന്തു നഷ്‌ടപ്പെടുമ്പോൾ ഞങ്ങൾ പ്രെസ്സ് ചെയ്യുകയും പന്തു കൃത്യമായി വിതരണം ചെയ്യുന്നുമുണ്ട്. വിജയം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനങ്ങളിലേക്ക് മുന്നേറണം. എന്നാൽ സമനില മാത്രമാണെങ്കിലും അഭിമാനമുണ്ട്. ഞങ്ങൾക്ക് ഇന്നു രാത്രി ഭാഗ്യം ഉണ്ടായിരുന്നില്ല. എല്ലാവരിലും എനിക്ക് അഭിമാനമുണ്ട്. ഈ ബാഴ്‌സലോണ ഞാൻ ആഗ്രഹിച്ച ടീം പോലെയുണ്ട്." സാവി പറഞ്ഞു.

മത്സരത്തിൽ ഡെംബലെ നടത്തിയ മികച്ച പ്രകടനത്തെപ്പറ്റി പറഞ്ഞ സാവി പക്ഷെ വിജയം നേടി ടോപ് ഫോറിലേക്ക് മുന്നേറാനുള്ള അവസരം കളഞ്ഞതിൽ തന്റെ നിരാശ വീണ്ടും പ്രകടമാക്കി. ഈ ദിവസത്തെ ഏറ്റവും മോശമായ കാര്യം മത്സരഫലം മാത്രമാണെന്നും എന്നാൽ ടീം ശരിയായ ട്രാക്കിലാണ്‌ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit