Football in Malayalam

വിയ്യാറയൽ പരാജയം അർഹിച്ചിരുന്നില്ല, ബാഴ്‌സലോണ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് സാവി

Sreejith N
Villarreal CF v FC Barcelona - La Liga Santander
Villarreal CF v FC Barcelona - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

വിയ്യാറയലിനെതിരെ നടന്ന ലാ ലിഗ മത്സരത്തിൽ ബാഴ്‌സലോണ വളരെയധികം ബുദ്ധിമുട്ടനുഭവിച്ചുവെന്ന് പരിശീലകൻ സാവി ഹെർണാണ്ടസ്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കാറ്റലൻ ക്ലബ് വിജയം നേടിയ മത്സരത്തിൽ ഉനെ എമറിയുടെ ടീം തോൽവി വഴങ്ങാൻ അർഹരായിരുന്നില്ലെന്നും ബാഴ്‌സലോണയുടെ പ്രകടനം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും സാവി അഭിപ്രായപ്പെട്ടു.

"ഇതു മൂന്നു ഗോൾഡൻ പോയിന്റുകളാണ്. ഞങ്ങളുടെ നിലവിലെ അവസ്ഥക്കു ലഭിക്കുന്ന വിശുദ്ധജലമാണ് ഈ ജയം. വിയ്യാറയൽ തോൽവി അർഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം, എന്നാൽ നമുക്ക് ഭാഗ്യം കൂടി ഒപ്പം വേണം. ഞങ്ങൾ മികച്ചൊരു ചാമ്പ്യൻസ് ലീഗ് ടീമിനെതിരെയാണ് കളിച്ചു, ബുദ്ധിമുട്ടുകയും ചെയ്‌തു. ഈ വിജയം വിലമതിക്കപ്പെടേണ്ടതു തന്നെയാണ്. ഞങ്ങൾ ഇതു വളരെ സന്തോഷത്തോടെ ആഘോഷിക്കും." സാവി മത്സരത്തിനു ശേഷം പറഞ്ഞു.

ബെൻഫിക്കക്കെതിരെ ഉണ്ടാകാതിരുന്ന ഭാഗ്യം ബാഴ്‌സലോണക്ക് ഇത്തവണയുണ്ടായെന്നു പറഞ്ഞ സാവി ടീമിലെ താരങ്ങളെ പ്രശംസിക്കുകയും സ്വയം വിമർശനം നടത്തുകയും ചെയ്‌തു. "ഞങ്ങൾ നല്ല രീതിയിലാണ് തുടങ്ങിയത്, പന്തടക്കം ഉണ്ടാവുകയും മൈതാനത്തെ തുറന്നെടുക്കുകയും ചെയ്‌തു. എന്നാൽ ഇതിനേക്കാൾ മികവിൽ ഞങ്ങൾക്ക് കളിക്കാനാകണം. ഞങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്നതിനാൽ എല്ലാ വിജയങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ പന്തിന്മേൽ ഇനിയും ആധിപത്യം ഉണ്ടാവുകയും എതിരാളികളുടെ ഹാഫിൽ കൂടുതൽ സമയം പന്തു കൈവശം വെക്കുകയും വേണം." സാവി വ്യക്തമാക്കി.

മത്സരത്തിൽ ഫ്രങ്കീ ഡി ജോംഗ്, മെംഫിസ് ഡീപേയ്, കുട്ടീന്യോ എന്നിവരാണ് ബാഴ്‌സലോണക്കു വേണ്ടി ഗോളുകൾ നേടിയത്. മെംഫിസിനാണ് ടീമിന്റെ പെനാൽറ്റി എടുക്കാനുള്ള ഉത്തരവാദിത്വം നൽകിയതെന്നും എന്നാൽ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി താരം കുട്ടീന്യോക്ക് നൽകിയത് തന്നെ അമ്പരപ്പിച്ചുവെന്നും സാവി പറഞ്ഞു. ബാഴ്‌സലോണ ഒരു കുടുംബമാണെന്ന് ആ പ്രവൃത്തി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

facebooktwitterreddit