പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് തോൽവിക്കു ശേഷം ലയണൽ മെസിക്കു സന്ദേശമയച്ചുവെന്നു വെളിപ്പെടുത്തി സാവി


ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ പിഎസ്ജി തോൽവി വഴങ്ങിയതിനു ശേഷം ലയണൽ മെസിക്ക് ആത്മവിശ്വാസം പകർന്നു സന്ദേശം അയച്ചുവെന്നു വെളിപ്പെടുത്തി ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. രണ്ടാം പാദത്തിന്റെ അറുപതാം മിനുട്ടു വരെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന പിഎസ്ജി പതിനേഴു മിനുറ്റിനിടെ മൂന്നു ഗോളുകൾ വഴങ്ങിയാണ് മത്സരത്തിൽ അപ്രതീക്ഷിത തോൽവി വഴങ്ങിയത്.
റയൽ മാഡ്രിഡിനോടു തോറ്റു പുറത്തായതോടെ കഴിഞ്ഞ ഏഴു വർഷമായി യൂറോപ്യൻ കിരീടമെന്ന നേട്ടം ലയണൽ മെസിയിൽ നിന്നും അകന്നു നിൽക്കെയാണ്. ഈ അവസരത്തിലാണ് താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനു വേണ്ടി മുൻ സഹതാരം കൂടിയായ സാവി ഹെർണാണ്ടസ് അർജന്റീനിയൻ താരത്തിന് സന്ദേശം അയച്ചത്.
Barcelona boss Xavi reveals he has reached out to Lionel Messi https://t.co/VkfFAUmVc1
— MailOnline Sport (@MailSport) March 13, 2022
"മെസിയുമായി വളരെ സൗഹാർദ്ദപരമായ ബന്ധം എനിക്കുണ്ട്, ഞങ്ങൾ സംസാരിക്കാറുമുണ്ട്. ഞാൻ ആ മത്സരത്തിനു ശേഷം താരത്തിന് ആത്മവിശ്വാസം പകർന്നു നൽകുന്ന സന്ദേശം ഞാൻ അയച്ചിരുന്നു." ഒസാസുനക്കെതിരായ ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ സാവി പറഞ്ഞു.
മത്സരത്തിൽ റയൽ മാഡ്രിഡ് നേടിയ വിജയത്തെക്കുറിച്ചും സാവി പറഞ്ഞു. "ഇരുപതോ ഇരുപത്തിയഞ്ചോ മിനുട്ടു കൊണ്ടാണ് ആ മത്സരം മാറിമറിഞ്ഞത്. വളരെ കടുപ്പമേറിയ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആത്മവിശ്വാസവും അഭിനിവേശവുമാണ് സ്കോർബോർഡ് മാറാൻ കാരണമായത്." സാവി പറഞ്ഞു.
ചാമ്പ്യൻസ് ലീഗ് തോൽവിക്ക് ശേഷം ലയണൽ മെസിക്കെതിരെ പിഎസ്ജി ആരാധകരുടെ രോഷം വളരെ ശക്തമാണ്. ബോർഡിയൂക്കെതിരെ കഴിഞ്ഞ ലീഗ് മത്സരത്തിൽ താരത്തെ കൂവലോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ സമ്മറിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ മെസിക്ക് കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട സീസണുകളിൽ ഒന്നായി ഇതു മാറിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.