Football in Malayalam

സ്‌പാനിഷ്‌ ഇതിഹാസം സാബി അലോൺസോ ജൂണിൽ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിന്റെ പരിശീലകനായി ചുമതലയേറ്റെടുക്കും

Sreejith N
Real Madrid CF v FC Bayern Muenchen - UEFA Champions League Quarter Final: Second Leg
Real Madrid CF v FC Bayern Muenchen - UEFA Champions League Quarter Final: Second Leg / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

ലിവർപൂൾ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ക്ലബുകളുടെ മുൻ താരവും സ്‌പാനിഷ്‌ ഇതിഹാസവുമായ സാബി അലോൺസോ ജർമൻ ക്ലബായ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിന്റെ പരിശീലകനായി ചുമതലയേൽക്കാൻ കരാറിലെത്തി. നിലവിൽ ജർമൻ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുന്ന മൊൻചെൻഗ്ലാഡ്ബാഷിനെ അടുത്ത ജൂൺ മുതലാണ് റയൽ സോസിഡാഡ് ബി ടീം പരിശീലകനായി സേവനമനുഷ്ഠിക്കുന്ന അലോൺസോ പരിശീലിപ്പിക്കുക.

മാർകോ റോസിന് പകരക്കാരനായാണ് അലോൺസോ, മൊൻചെൻഗ്ലാഡ്ബാഷിന്റെ പരിശീലകനായി എത്തുന്നത്. കരാറിലുള്ള പ്രത്യേക ഉടമ്പടി പ്രകാരം റോസ് അടുത്ത സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലകനാവാനുള്ള കോൺട്രാക്ട് കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. മുൻ ബയേൺ താരമായ അലോൺസോക്ക് ജർമൻ ലീഗിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് പുതിയ വേഷം.

ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ വരെയെത്തിയ മൊൻചെൻഗ്ലാഡ്ബാഷ് തകർപ്പൻ ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റാണ് പുറത്തായത്. ക്രിസ്‌മസിനു മുൻപ് ചാമ്പ്യൻസ് ലീഗിന് വേണ്ടി പോരാടിയിരുന്ന മൊൻചെൻഗ്ലാഡ്ബാഷ് അതിനു ശേഷം പ്രകടനം കുത്തനെ താഴേക്കു പോയാണ് നിലവിൽ പത്താം സ്ഥാനത്തു നിൽക്കുന്നത്.

2014ൽ പെപ് ഗ്വാർഡിയോള ബയേൺ മ്യൂണിക്കിലെത്തിച്ച അലോൺസോ മൂന്നു ബുണ്ടസ്‌ലിഗ കിരീടങ്ങൾ സ്വന്തമാക്കിയതിന് ശേഷം തന്റെ കരിയറിന് വിരാമമിടുകയായിരുന്നു. അതിനു ശേഷം റയൽ മാഡ്രിഡ് യൂത്ത് ടീമിനെ 2018 മുതൽ 2019 വരെ പരിശീലിപ്പിച്ചതിനു ശേഷമാണ് താരം റയൽ സോസിഡാഡ് ബി ടീമിന്റെ സ്ഥാനമേറ്റെടുത്തത്.

കരിയറിൽ സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ താരമായ സാബി അലോൺസോ ഒരു ലാ ലിഗയും മൂന്നു ബുണ്ടസ്‌ലീഗയും രണ്ടു ചാമ്പ്യൻസ് ലീഗും രണ്ടു യൂറോ കപ്പും 2010ലെ സൗത്ത് ആഫ്രിക്കൻ ലോകകപ്പും സ്വന്തം പേരിലാക്കിയിട്ടുണ്ട്. താരത്തെ ബയേണിലെത്തിക്കാനുള്ള താൽപര്യം ജർമൻ ക്ലബിന്റെ ചീഫായ റുമനിഗെ 2019ൽ വെളിപ്പെടുത്തിയിരുന്നു.

facebooktwitterreddit