Football in Malayalam

ആൻസലോട്ടിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചെങ്കിലും റയൽ മാഡ്രിഡിന്റെ തോൽവി പ്രതീക്ഷിക്കുന്നുവെന്ന് സാബി അലോൺസോ

Sreejith N
Real Sociedad B v UD Las Palmas - LaLiga SmartBank
Real Sociedad B v UD Las Palmas - LaLiga SmartBank / Quality Sport Images/GettyImages
facebooktwitterreddit

റയൽ മാഡ്രിഡും റയൽ സോസിഡാഡും ലാ ലിഗയിൽ പരസ്‌പരം ഏറ്റുമുട്ടാനിരിക്കെ തന്റെ മുൻ ക്ലബിനെക്കുറിച്ചും അതിന്റെ പരിശീലകനായ കാർലോ ആൻസലോട്ടിയെക്കുറിച്ചും സംസാരിച്ച് റയൽ സോസിഡാഡ് ബി ടീം കോച്ചായ സാബി അലോൺസോ. ബയേണിലും റയൽ മാഡ്രിഡിലും ആൻസലോട്ടിക്കു കീഴിൽ കളിച്ചിട്ടുള്ളതു കൊണ്ടു തന്നെ മികച്ചൊരു ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും എന്നാൽ മത്സരത്തിൽ റയൽ സോസിഡാഡ് വിജയം നേടാനാണ് തന്റെ ആഗ്രഹമെന്നും അലോൺസോ പറഞ്ഞു.

"രണ്ടു സമയങ്ങളിൽ കാർലോക്കൊപ്പം ജോലി ചെയ്യാൻ എനിക്ക് കഴിഞ്ഞു, റയൽ മാഡ്രിഡിലും ബയേൺ മ്യൂണിക്കിലും. കാർലോയുമായും അദ്ദേഹത്തിന്റെ സ്റ്റാഫുമായും മകനുമായെല്ലാം എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. വളരെ ഊഷ്മളമായതും സ്നേഹമുള്ളതുമായ ആളുകളാണവർ. ഇസ്‌താംബുൾ ഫൈനൽ പോലെ ഫുട്ബോളിലുണ്ടായ മികച്ച അനുഭവങ്ങളെക്കുറിച്ച് ഞങ്ങൾ ഒരുപാട് സംസാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് വലുതാണ്, ഞാൻ കാർലോയെ മാതൃകയാക്കുന്നത് തുടരും." മാധ്യമങ്ങളോട് അലോൺസോ പറഞ്ഞു.

അതേസമയം മത്സരത്തിൽ റയൽ മാഡ്രിഡിന്റെ വിജയം താൻ ആഗ്രഹിക്കുന്നില്ലെന്നും അലോൺസോ വ്യക്തമാക്കുന്നു. "കാർലോ ആൻസലോട്ടി വളരെ മഹത്തായൊരു ജോലിയാണ് ചെയ്‌തു കൊണ്ടിരിക്കുന്നത്, വലിയൊരു ഊർജ്ജം അദ്ദേഹത്തിന്റെ ടീമിനുണ്ട്. എന്നാൽ അതാവില്ല നാളെ സംഭവിക്കുക എന്നു ഞാൻ കരുതുന്നു. റയൽ സോസിഡാഡിനു നല്ലൊരു മത്സരവും നല്ലൊരു റിസൾട്ടും ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

നിലവിൽ ലീഗിൽ റയൽ മാഡ്രിഡ് മുപ്പത്തിയാറു പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ അത്ലറ്റികോ മാഡ്രിഡിനൊപ്പം രണ്ടാം സ്ഥാനത്ത് നിൽക്കുന്ന റയൽ സോസിഡാഡിന് 29 പോയിന്റ് മാത്രമാണുള്ളത്. മത്സരത്തിൽ റയൽ സോസിഡാഡ് വിജയം നേടിയാലും അത് റയൽ മാഡ്രിഡിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയാവില്ലെങ്കിലും അവരുമായുള്ള അകലം കുറക്കാൻ അതിനു കഴിയും.

facebooktwitterreddit