ലോകകപ്പിനുള്ള ടീം സ്‌ക്വാഡിൽ സുപ്രധാന മാറ്റമുണ്ടായേക്കും, ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന്

France v Croatia - 2018 FIFA World Cup Russia Final
France v Croatia - 2018 FIFA World Cup Russia Final / Etsuo Hara/GettyImages
facebooktwitterreddit

നവംബറിൽ ഖത്തറിൽ വെച്ച് ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്ന ടീമുകളെ അറിയാനുള്ള നറുക്കെടുപ്പ് ഏപ്രിൽ ഒന്നിനു നടക്കും. മാർച്ചിൽ ടൂർണമെന്റിന് ഇനി യോഗ്യത നേടാനുള്ള ടീമുകളെ കണ്ടെത്താനുള്ള പ്ലേ ഓഫ് മത്സരങ്ങൾ പൂർത്തിയാകുന്നതിനു പിന്നാലെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടുകയെന്ന് അറിയാനുള്ള നറുക്കെടുപ്പ് നടക്കുക.

ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ സ്‌ക്വാഡിൽ ഉൾപ്പെടുത്താൻ കഴിയുന്ന പരമാവധി കളിക്കാരുടെ എണ്ണത്തിൽ ഇത്തവണ മാറ്റമുണ്ടായേക്കുമെന്നാണ് ഗ്ലോബ്‌സ്‌പോർട് റിപ്പോർട്ടു ചെയ്യുന്നത്. സാധാരണ ഒരു സ്‌ക്വാഡിൽ പരമാവധി 23 താരങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്നതിനു പകരം ഇത്തവണ 26 താരങ്ങളെ ലോകകപ്പ് കളിക്കാൻ ടീമുകൾക്ക് തിരഞ്ഞെടുക്കാൻ ഫിഫ അനുവദിക്കാൻ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഒരു ടീമിന്റെ സ്‌ക്വാഡിൽ ഇരുപത്തിയെട്ടു താരങ്ങളെ ഉൾപ്പെടുത്താൻ കഴിയുമായിരുന്നു. ആ സമയത്തു തന്നെ നടന്ന യൂറോ കപ്പിന് ഇരുപത്തിയാറു താരങ്ങളെ ഉൾപ്പെടുത്തിയ സ്‌ക്വാഡ് വെച്ചാണ് ടീമുകൾ കളിച്ചത്. ഇതിനു പിന്നാലെയാണ് ലോകകപ്പ് ടീമിലും ഈ മാറ്റം വരുത്താൻ ഒരുങ്ങുന്നത്.

കോവിഡിന്റെ ഭീഷണിയിൽ നിന്നും ലോകം പൂർണമായും മുക്തി നേടിയിട്ടില്ലെന്നിരിക്കെ അതുകൂടി പരിഗണിച്ചാണ് സ്‌ക്വാഡിന്റെ എണ്ണത്തിൽ വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്. ഇതു തങ്ങളുടെ സ്‌ക്വാഡിന് കരുത്തു നൽകാൻ ടീമുകളെ സഹായിക്കും..

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.