സൂപ്പർ താരത്തെ വിൽക്കാനൊരുങ്ങി വോൾവ്സ്; താരത്തിനായി ബാഴ്സലോണയും ലിവർപൂളും രംഗത്ത്

സ്പാനിഷ് വിംഗറായ അദമ ട്രവോറെയെ വരാനിരിക്കുന്ന വിന്റർ ട്രാൻസ്ഫർ ജാലകത്തിൽ വിൽപ്പനക്ക് വെക്കാനുള്ള പദ്ധതികളിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സെന്നും, അദ്ദേഹത്തെ ടീമിലെത്തിക്കാൻ ബാഴ്സലോണയും, ലിവർപൂളും ശക്തമായി രംഗത്തുണ്ടാകുമെന്നും റിപോർട്ടുകൾ. 2023 വരെ തങ്ങളുമായി കരാറുള്ള ട്രവോറെയുമായി കരാർ പുതുക്കുന്ന കാര്യത്തിൽ കഴിഞ്ഞയാഴ്ച വോൾവ്സ് ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചയിൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താൻ ഇരു കൂട്ടർക്കും കഴിഞ്ഞില്ല. ഇതോടെയാണ് താരത്തെ വിൽക്കുന്നതിനെപ്പറ്റി ഇംഗ്ലീഷ് ക്ലബ്ബ് ആലോചിച്ചു തുടങ്ങിയത്.
നേരത്തെ 2019ൽ പുതിയ കരാർ ഒപ്പുവെക്കുന്ന കാര്യത്തിൽ ട്രവോറെയുമായി വോൾവ്സ് ചർച്ചകൾ ആരംഭിച്ചിരുന്നെങ്കിലും അന്നും കരാർ ദീർഘിപ്പിക്കുന്നതിനോട് അദ്ദേഹം വിമുഖത കാട്ടുകയായിരുന്നു. ക്ലബ്ബുമായി ഇതു വരേക്കും പുതിയ കരാറിൽ ഒപ്പുവെക്കാത്തതിനാൽ ഈ സ്പാനിഷ് താരത്തെ കളിപ്പിക്കാൻ വോൾവ്സിന്റെ പുതിയ പരിശീലകനായ ബ്രൂണോ ലാഗിനും നിലവിൽ കാര്യമായ താല്പര്യമില്ലെന്നാണ് സൂചനകൾ.
ഇതിനിടെ താരത്തെ സ്വന്തമാക്കാനുള്ള താല്പര്യവുമായി ലിവർപൂളും, ലീഡ്സ് യുണൈറ്റഡും വോൾവ്സിനെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിനായി 40 മില്ല്യൺ പൗണ്ട് ക്ലബ്ബ് ചോദിച്ചതോടെ ഈ രണ്ട് ക്ലബ്ബുകളും ശ്രമങ്ങളിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിനൊപ്പം ട്രവോറെക്കായി ടോട്ടൻഹാം ഹോട്സ്പർ സമർപ്പിച്ച ഓഫറും ക്ലബ്ബ് നിരസിച്ചു.
എന്നാൽ നിലവിൽ ട്രവോറെയെ വിൽക്കുന്നതിന് വോൾവ്സ് താല്പര്യപ്പെടുന്നുണ്ടെന്നും അദ്ദേഹത്തെ സ്വന്തമാക്കാൻ ലിവർപൂളിന് ഇപ്പോളും താല്പര്യമുണ്ടെന്നും 90Min മനസിലാക്കുന്നു. അതു പോലെ തങ്ങളുടെ മുൻ താരം കൂടിയായ ട്രവോറയെ ക്ലബ്ബിലേക്ക് തിരികെയെത്തിക്കാൻ എഫ് സി ബാഴ്സലോണക്കും ആഗ്രഹമുണ്ടെന്നും 90Min മനസ്സിലാക്കുന്നു.
ബാഴ്സലോണയുടെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിംഗറെ ടീമിലേക്ക് കൊണ്ടു വരാൻ താല്ലര്യപ്പെടുന്നുണ്ടെന്നും ഈ സ്ഥാനത്തേക്ക് ക്ലബ്ബ് പരിഗണിക്കുന്ന താരങ്ങളിലൊരാൾ ട്രാവോറെയാണെന്നുമാണ് 90Min മനസിലാക്കുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യം ജനുവരിയിൽ ട്രവോറെയെ സ്വന്തമാക്കുന്നതിന് ബാഴ്സലോണക്ക് തടസമായേക്കാമെങ്കിലും ആദ്യം ലോണിൽ ടീമിലെത്തിച്ച് അടുത്ത സമ്മറിൽ താരവുമായി സ്ഥിര കരാറിൽ ഏർപ്പെടുന്നതിനെക്കുറിച്ച് കറ്റാലൻ ക്ലബ്ബ് ഗൗരവമായി ചിന്തിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.