ലിവർപൂൾ ലീഗ് വിജയിച്ചാൽ വോൾവ്‌സിനു ലഭിക്കുക വലിയ തുക, അവസാന റൗണ്ട് മത്സരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നു
By Sreejith N

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന റൗണ്ട് മത്സരങ്ങൾ നടക്കാനിരിക്കെ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയെയും രണ്ടാം സ്ഥാനത്തുള്ള ലിവർപൂൾ വോൾവ്‌സിനെയുമാണ് അവസാന മത്സരങ്ങളിൽ നേരിടുക. അവസാന മത്സരത്തിൽ വിജയം നേടിയാൽ മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം സ്വന്തമാക്കാൻ കഴിയും, അതേസമയം സിറ്റി സമനിലയെങ്കിലും വഴങ്ങിയാലേ ലിവർപൂളിന് കിരീടം പ്രതീക്ഷിക്കാൻ കഴിയൂ.
മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനുമെതിരെ അവസാന മത്സരത്തിന് ഇറങ്ങുന്ന ടീമുകൾക്കും കിരീടപ്പോരാട്ടത്തിൽ നിർണായക പങ്കു വഹിക്കാൻ കഴിയുമെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അവസാന റൗണ്ടിന് ഇറങ്ങുന്ന ടീമുകൾ തമ്മിൽ താരങ്ങളെ വാങ്ങിയതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ഉടമ്പടി ഈ മത്സരങ്ങളുടെ ഫലത്തിൽ നിർണായകമായ സ്വാധീനം ചെലുത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
REVEALED: Liverpool to pay Wolves a multi-million pound bonus payment as part of Diogo Jota transfer deal if they win the Premier League | @MattHughesDM https://t.co/aBhAp9lwiF
— MailOnline Sport (@MailSport) May 19, 2022
ഡെയിലി മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ പ്രീമിയർ ലീഗ് വിജയിച്ചാൽ ഡീഗോ ജോട്ട ട്രാൻസ്‌ഫറിന്റെ ഭാഗമായി 13 മില്യൺ പൗണ്ടോളമാണ് വോൾവ്‌സിനു ലഭിക്കുക. 45 മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിലാണ് പോർച്ചുഗൽ താരം ലിവർപൂളിൽ എത്തിയതെങ്കിലും അതിൽ അഞ്ചു മില്യൺ മാത്രമാണ് ലിവർപൂൾ നൽകിയിരിക്കുന്നത്. ബാക്കി തുക ഇതുപോലെ വിവിധ ബോണസുകളായാണ് നൽകുക.
സമാനമായ സാഹചര്യം മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും തമ്മിലുള്ള മത്സരത്തെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടിയാൽ ജാക്ക് ഗ്രീലിഷ് ട്രാൻസ്‌ഫറിന്റെ ഭാഗമായി പതിനഞ്ചു മില്യൺ യൂറോ ആസ്റ്റൺ വില്ലക്ക് ലഭിക്കും. അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ വാങ്ങണമെന്നതിനാൽ ഈ തുക ലഭിക്കാൻ ആസ്റ്റൺ വില്ലക്ക് ആഗ്രഹമുണ്ടാകും. ഇത് അവസാന റൗണ്ട് മത്സരങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നു.
അതേസമയം നിലവിൽ ലീഗിൽ എട്ടാം സ്ഥാനത്തുള്ള വോൾവ്‌സ് അതെ പൊസിഷനിൽ തുടർന്നാൽ രണ്ടു മില്യൺ പൗണ്ടിലധികം പ്രൈസ് മണിയായി ലഭിക്കുമെന്നതിനാൽ ലിവർപൂളിനെ അവർ തോൽപ്പിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതുപോലെ ജെറാർഡ് ലിവർപൂളിന്റെ ഇതിഹാസമായതിനാൽ തന്നെ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാൻ ശ്രമിക്കുമെന്നും ആരാധകർ കരുതുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.