Football in Malayalam

റൊണാൾഡോ യുവന്റസ് വിടും, അദ്ദേഹത്തിന് പിറകേ മറ്റ് ചില താരങ്ങൾ കൂടി ക്ലബ്ബിൽ നിന്ന് പോകും; തുറന്നടിച്ച് വിയേരി

Gokul Manthara
US Sassuolo v Juventus FC - Serie A
US Sassuolo v Juventus FC - Serie A / MB Media/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിൽ യുവന്റസ് പരാജയപ്പെടുന്നതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് വിടുമെന്നും, മറ്റ് ചില താരങ്ങൾ കൂടി അദ്ദേഹത്തെ പിന്തുടർന്ന് ക്ലബ്ബിൽ നിന്ന് പോകുമെന്നും യുവന്റസിന്റെ മുൻ താരമായിരുന്ന ക്രിസ്റ്റ്യൻ വിയേരി. യുവന്റസ് ഇക്കുറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന കാര്യം സംശയത്തിലായിരിക്കെയാണ് ഇത്തരത്തിലൊരു അഭിപ്രായവുമായി വിയേരി രംഗത്തെത്തിയിരിക്കുന്നത്‌.

ഇന്ന് ഇന്റർമിലാനെതിരെ നടക്കാനിരിക്കുന്ന സീരി എ മത്സരം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതിന് യുവന്റസിന് അതിനിർണായകമാണ്. ഈ മത്സരത്തിൽ വിജയം നേടാനായില്ലെങ്കിൽ ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷകൾക്ക് ഏറെക്കുറെ അവസാനമാകും. എന്നാൽ ഈ മത്സരത്തിൽ യുവന്റസ് പരാജയപ്പെടുമെന്നും, അവർ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ലെന്നുമാണ് ഇപ്പോൾ വിയേരി തുറന്ന് പറഞ്ഞിരിക്കുന്നത്.

"ഇന്റർ മിലാൻ ടൂറിനിൽ വിജയം നേടുമെന്ന് ഞാൻ കരുതുന്നു. യുവന്റസ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കാനാവില്ലെങ്കിൽ റൊണാൾഡോ യുവന്റസ് വിടും. മറ്റ് ചില കളികാർ കൂടി അദ്ദേഹത്തെ പിന്തുടർന്ന് ക്ലബ്ബ് വിടും. യുവന്റസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടും." ബോബോ ടിവിയോട് സംസാരിക്കവെ ക്രിസ്റ്റ്യൻ വിയേരി പറഞ്ഞു.

അതേ സമയം യുവന്റസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ റൊണാൾഡോ വരും സമ്മറിൽ ക്ലബ്ബ് വിടാൻ തന്നെയാണ് സാധ്യതകൾ‌. പ്രായം മുപ്പത്തിയാറ് പിന്നിട്ടെങ്കിലും ഇപ്പോളും തകർപ്പൻ ഫോമിൽ കളിക്കുന്ന റോണോ ക്ലബ്ബ് വിടുകയാണെങ്കിൽ അദ്ദേഹത്തെ സ്വന്തമാക്കാൻ യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും രംഗത്തുണ്ടാകുമെന്നതും ഉറപ്പ്. ഈ സീസണിൽ ഇതിനോടകം 35 ഗോളുകൾ നേടിക്കഴിഞ്ഞ റോണോ, നിലവിൽ 28 ഗോളുകളോടെ സീരി എയിലെ ടോപ്‌ സ്കോറർ കൂടിയാണ്.

facebooktwitterreddit