Football in Malayalam

യുവന്റസിന് എതിരെ ജൊവാൻ ഗാമ്പർ ട്രോഫി ഫൈനൽ മത്സരത്തിൽ ബാഴ്‌സക്ക് വേണ്ടി ലയണൽ മെസ്സി കളിക്കുമോ? അറിയേണ്ടതെല്ലാം...

By Gokul Manthara
FC Barcelona v Juventus: Group G - UEFA Champions League
FC Barcelona v Juventus: Group G - UEFA Champions League / David Ramos/Getty Images
facebooktwitterreddit

നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ രണ്ട് പേരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഫുട്ബോളിൽ ഏറ്റവുമധികം ആരാധകരുള്ള‌ താരങ്ങൾ കൂടിയായ ഈ രണ്ടു പേരും നേർക്കു നേർ വരാൻ സാധ്യതയുള്ള ‌മത്സരമാണ് അടുത്തയാഴ്ച, കൃത്യമായി പറഞ്ഞാൽ 2021 ഓഗസ്റ്റ് 9-ം തീയതി നടക്കാനിരിക്കുന്ന ജോവാൻ ഗാമ്പർ ട്രോഫി. ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ബാഴ്സലോണയും, യുവന്റസുമായതിനാലാണ് ഫുട്ബോൾ ലോകത്തെ രണ്ട് ഇതിഹാസങ്ങൾ നേർക്കുനേർ പോരാടുന്നത് കാണാനുള്ള ഭാഗ്യം ഫുട്ബോൾ പ്രേമികൾക്ക് ലഭിച്ചേക്കുമെന്ന് പറയുന്നത്.

എന്നാൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ യുവന്റസ് നിരയിലുണ്ടാകുമെങ്കിലും ലയണൽ മെസി ബാഴ്സലോണക്കൊപ്പം കളിക്കാനിറങ്ങുമോ എന്ന കാര്യം ഇപ്പോളും ഉറപ്പായിട്ടില്ല. താരത്തിന്റെ കരാറുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വങ്ങൾ തന്നെയാണ് ഇതിന് കാരണം.‌ ഈ ജൂണിൽ ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച മെസി ക്ലബ്ബുമായി പുതിയ കരാർ കാര്യത്തിൽ ധാരണയിലെത്തിയെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി ഒരു കരാറിലും അദ്ദേഹം ഒപ്പു വെച്ചിട്ടില്ല. കുറച്ചു കൂടി വ്യക്തമാക്കി പറഞ്ഞാൽ മെസി ഇപ്പോൾ ഒരു ഫ്രീ ഏജന്റാണ് അല്ലാതെ ബാഴ്സലോണയുടെ താരമല്ല. ക്ലബ്ബുമായി എന്ന് പുതിയ കരാറിൽ ഒപ്പുവെക്കുന്നോ അന്ന് മുതലേ അദ്ദേഹം അവരുടെ കളികാരനാകൂ, അവർക്ക് വേണ്ടി കളിക്കാനാകൂ.

ഈ തിങ്കളാഴ്ച മെസി ബാഴ്സലോണക്കൊപ്പം പരിശീലനം പുനരാരംഭിക്കുമെന്ന് കരുതപ്പെട്ടെങ്കിലും, ക്ലബ്ബുമായി പുതിയ കരാർ ഒപ്പിടാതെ അദ്ദേഹം പരിശീലനത്തിനിറങ്ങില്ലെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെസിയുടെ കരാർ സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഓഗസ്റ്റ് പതിമൂന്നാം തീയതിയോടെ അവസാനിക്കുമെന്നുള്ള തരത്തിലാണ് വിവിധ സ്പാനിഷ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്ത ആരാധകർക്ക് ആശ്വാസത്തേക്കാൾ ആശങ്കയാണ് നൽകുന്നത് എന്നതാണ് സത്യം.

ഓഗസ്റ്റ് ഒൻപതാം തീയതിക്ക് മുൻപായി ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ട്, നിലവിൽ കരാറുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സങ്കീർണതകൾ അവസാനിപ്പിക്കാൻ മെസിക്ക് കഴിഞ്ഞില്ലെങ്കിൽ യുവന്റസിനെതിരെ നടക്കാനിരിക്കുന്ന ജൊവാൻ ഗാമ്പർ ട്രോഫി മത്സരം അദ്ദേഹത്തിന് നഷ്ടമാകാനുള്ള സാധ്യതകളാണ് ഉയർന്ന് നിൽക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായി മെസിയുടെ കരാർ കാര്യങ്ങൾ പൂർത്തിയാക്കാൻ ബാഴ്സലോണ കഠിനമായി ശ്രമിക്കുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. മറിച്ചായാൽ ഫുട്ബോൾ ലോകം മുഴുവൻ ആഗ്രഹിക്കുന്ന മെസി-റോണോ നേർക്കുനേർ പോരാട്ടം ഇക്കുറി സാധ്യമാകില്ല.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit