PSG

ഫ്രഞ്ച് ലീഗിൽ ഈ സീസണിലെ ഏറ്റവും മോശം സൈനിങായി തിരഞ്ഞെടുക്കപ്പെട്ട് പിഎസ്‌ജി താരം

Sreejith N
Wijnaldum Voted As Ligue 1 Flop Signing Of The Year
Wijnaldum Voted As Ligue 1 Flop Signing Of The Year / Tim Clayton - Corbis/GettyImages
facebooktwitterreddit

ഇക്കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിലെ ഏറ്റവും മോശം സൈനിങായി തിരഞ്ഞെടുക്കപ്പെട്ട് പിഎസ്‌ജി മധ്യനിര താരം ജോർജിനോ വൈനാൽഡം. ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് നടത്തിയ വോട്ടെടുപ്പിലാണ് ലിവർപൂളിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ താരത്തെ ലീഗിലെ ഏറ്റവും മോശം സൈനിങായി തിരഞ്ഞെടുത്തത്.

കഴിഞ്ഞ സമ്മർ ജാലകത്തിൽ പിഎസ്‌ജി നടത്തിയ നാല് വമ്പൻ ഫ്രീ ട്രാൻസ്‌ഫറുകളിൽ ഒന്നായിരുന്നു നെതർലാൻഡ്‌സ് താരമായ ജോർജിനോ വൈനാൽഡത്തിന്റേത്. ഇതിനു പുറമെ ലയണൽ മെസി, സെർജിയോ റാമോസ്, ജിയാൻലൂയിജി ഡോണറുമ്മ എന്നിവരെയാണ് ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്. ലിവർപൂളിനോപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള ഡച്ച് താരത്തിനു പക്ഷെ പിഎസ്‌ജിക്കൊപ്പം തിളങ്ങാൻ കഴിഞ്ഞില്ല.

കഴിഞ്ഞ സീസണിൽ 38 മത്സരങ്ങൾ പിഎസ്‌ജിക്കു വേണ്ടി കളിച്ച വൈനാൽഡം മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് ക്ലബിനായി നേടിയത്. ഇതിനു പിന്നാലെയാണ് ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് നടത്തിയ കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ പരാജയപ്പെട്ട ട്രാൻസ്‌ഫറായി താരം തിരഞ്ഞെടുക്കപ്പെട്ടത്.

ആരാധകരും വിദഗ്‌ദപാനലുമാണ് വോട്ടെടുപ്പ് നടത്തുന്നത്. മറ്റുള്ള താരങ്ങളെ പിന്തള്ളി വലിയ വ്യത്യാസത്തിലാണ് വൈനാൽഡത്തെ ആരാധകർ തിരഞ്ഞെടുത്തത്. ജിഎഫ്എഫ്എൻ വെബ്‌സൈറ്റ് പറയുന്നതു പ്രകാരം മധ്യനിരയിൽ ദിശാബോധം നഷ്‌ടപ്പെട്ട താരം എതിരാളികൾക്ക് വലിയ വെല്ലുവിളിയൊന്നും ഉയർത്തിയിട്ടില്ല.

വൈനാൽഡത്തിന്റെ മോശം ഫോമിന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ ഉത്തരവാദിയാണെന്നും വെബ്‌സൈറ്റ് പറയുന്നു. താരത്തിന് ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുന്ന പൊസിഷനിലല്ല പോച്ചട്ടിനോ കളിപ്പിച്ചതെന്ന് അവർ വ്യക്തമാക്കുന്നു. ഇതാണ് താരത്തിന് ആശയക്കുഴപ്പമുണ്ടാകാൻ പ്രധാന കാരണമെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit