Football in Malayalam

ബാഴ്‌സലോണയെ തഴഞ്ഞ് പിഎസ്‌ജിയിലേക്കു ചേക്കേറിയതിന്റെ കാരണം വെളിപ്പെടുത്തി വൈനാൾഡം

Sreejith N
EURO 2020 group C"North Macedonia v The Netherlands"
EURO 2020 group C"North Macedonia v The Netherlands" / ANP Sport/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നു പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ജോർജിനോ വൈനാൾഡം. ലിവർപൂൾ താരത്തിനു വേണ്ടി കാറ്റലൻ ക്ലബും പരിശീലകൻ റൊണാൾഡ്‌ കൂമാനും വളരെ സജീവമായ ശ്രമങ്ങൾ നടത്തിയെങ്കിലുംഡച്ച് മിഡ്‌ഫീൽഡർ അപ്രതീക്ഷിതമായാണ് പിഎസ്‌ജിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസം പിഎസ്‌ജി ടിവിയോട് സംസാരിക്കുമ്പോൾ തന്റെ തീരുമാനത്തിനു പിന്നിലെ കാരണം വൈനാൾഡം വ്യക്തമാക്കി.

"കരാർ അവസാനിച്ച എന്നെ നിരവധി ക്ലബുകൾ കോണ്ടാക്‌ട് ചെയ്‌തിരുന്നു. പിഎസ്‌ജി എന്നെ വിളിച്ചപ്പോൾ എല്ലാം വളരെ വേഗത്തിൽ മുന്നോട്ടു പോവുകയും ഞാൻ പെട്ടന്നു തന്നെ കരാർ ഒപ്പിടുകയും ചെയ്‌തു. മൗറീസിയോ പോച്ചട്ടിനോ നേരത്തെ ടോട്ടനത്തിനു വേണ്ടി എന്നെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു, അദ്ദേഹവുമായി ഞാൻ സംസാരിച്ചിട്ടുമുണ്ട്. ക്ലബിനു മുഴുവൻ എന്നെ ആവശ്യമുണ്ടെന്നു തോന്നിയതാണ് പിഎസ്‌ജിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണം."

പിഎസ്‌ജിയുടെ ശൈലി തനിക്കെങ്ങിനെയാണ് ചേരുകയെന്നും വൈനാൾഡം പറഞ്ഞു. "ലിവർപൂളിൽ വളരെ ആക്രമണത്തിലൂന്നിയെ ശൈലിയിലാണ് ഞങ്ങൾ കളിച്ചു കൊണ്ടിരുന്നത്. സമാനമായ ശൈലിയിലുള്ള ക്ളബുകളാണ് എനിക്കു ചേരുന്നത്. പിഎസ്‌ജിയും അത്തരമൊരു ശൈലിയിൽ കളിക്കുന്ന ടീമാണ്. കളിച്ചിട്ടുള്ള ക്ലബുകളിലൊക്കെ വിജയമാണ് എന്റെ ലക്ഷ്യമെന്ന് ഞാൻ കാണിച്ചിട്ടുള്ളതാണ്. പരിശീലകനിൽ നിന്നും സഹതാരങ്ങളിൽ നിന്നും കൂടുതൽ മനസിലാക്കി കൂടുതൽ മെച്ചപ്പെടാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കും." താരം വ്യക്തമാക്കി.

പിഎസ്‌ജി സമീപകാലത്തായി വളരെയധികം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ക്ലബാണെന്നും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചതും കഴിഞ്ഞ സീസണിൽ സെമിയിൽ എത്തിയതുമെല്ലാം ഇതു തെളിയിക്കുന്നുവെന്നും ഡച്ച് താരം പറഞ്ഞു. പിഎസ്‌ജിയുടെ പ്രൊജക്റ്റിലൂടെ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.

facebooktwitterreddit