Lionel Messi

പിഎസ്‌ജിയുടെ മുപ്പത്തിയൊമ്പതാം നമ്പർ ജേഴ്‌സി ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് ലയണൽ മെസി, കാരണമിതാണ്

Sreejith N
Why Messi Wearing PSG Shirt With No.39 On Back
Why Messi Wearing PSG Shirt With No.39 On Back / Catherine Steenkeste/GettyImages
facebooktwitterreddit

പിഎസ്‌ജി സൂപ്പർതാരമായ ലയണൽ മെസി ഇൻസ്റ്റഗ്രാം പോസ്റ്റായും സ്റ്റോറിയായും ഷെയർ ചെയ്‌ത ഒരു ചിത്രം ആരാധകരിൽ വളരെയധികം ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഈ സീസണിൽ പിഎസ്‌ജിയുടെ മുപ്പതാം നമ്പർ ജേഴ്‌സി ഉപയോഗിക്കുന്ന മെസി ക്ലബിന്റെ മുപ്പത്തിയൊമ്പതാം നമ്പർ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചത്.

മെറ്റ്സിനെതിരെ നടന്ന അവസാന ലീഗ് മത്സരത്തിൽ വിജയം നേടിയതിനു ശേഷം പങ്കു വെച്ച ചിത്രങ്ങൾക്കൊപ്പമാണ് മെസി മുപ്പത്തിയൊമ്പതാം നമ്പർ ജേഴ്‌സിയണിഞ്ഞു നിൽക്കുന്ന ചിത്രവും പങ്കു വെച്ചത്. അത് താരം സ്റ്റോറിയായും ഷെയർ ചെയ്‌തതോടെ ആ ജേഴ്‌സി അണിയാണുണ്ടായ കാരണത്തെ കുറിച്ച് ആരാധകർക്ക് സംശയങ്ങൾ ഉയരുകയും ചെയ്‌തു.

സ്‌പാനിഷ്‌ മാധ്യമം മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം മെസി നമ്പർ 39ആം ജേഴ്‌സി അണിയാനുള്ള കാരണം താരം നേടിയ കിരീടങ്ങളുടെ എണ്ണമാണ്. പ്രൊഫെഷണൽ കരിയറിൽ ഇതുവരെ 39 കിരീടങ്ങളാണ് മെസി സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ലോകത്തു തന്നെ ഏറ്റവുമധികം കിരീടങ്ങൾ നേടിയ രണ്ടാമത്തെ താരമായ മെസി അതിന്റെ എണ്ണം സൂചിപ്പിക്കാനാണ് 39ആം നമ്പർ ജേഴ്‌സി അണിഞ്ഞത്.

കരിയറിന്റെ ഭൂരിഭാഗവും ബാഴ്‌സലോണയിൽ കളിച്ച മെസി പത്ത് ലീഗ് കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗും ഏഴു കോപ്പ ഡെൽ റേയും എട്ട് സൂപ്പർ കോപ്പയും മൂന്നു യുവേഫ സൂപ്പർകപ്പും മൂന്നു ക്ലബ് ലോകകപ്പും നേടിയിട്ടുണ്ട്. അതിനു പുറമെ അർജന്റീന ദേശീയ ടീമിനൊപ്പം കോപ്പ അമേരിക്കയും U20 ടീമിനൊപ്പം ഒളിമ്പിക് ഗോൾഡ് മെഡലും നേടിയ താരം ഈ സീസണിൽ പിഎസ്‌ജിക്കൊപ്പം ലീഗ് കൂടി നേടിയതോടെയാണ് മുപ്പത്തിയൊമ്പതു കിരീടങ്ങൾ നേടിയത്.

നേടിയ കിരീടങ്ങളുടെ എണ്ണം അടുത്തു തന്നെ നാൽപതാക്കി ഉയർത്താൻ മെസിക്ക് അവസരമുണ്ട്. അർജന്റീനയും ഇറ്റലിയും തമ്മിൽ കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കളുടെ പോരാട്ടം ജൂൺ 1നു നടക്കാനിരിക്കെ അതിൽ വിജയിച്ചാൽ ഒരു കിരീടം കൂടി മെസിക്ക് സ്വന്തമാകും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit