ലയണൽ മെസി കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമാവുന്നതെന്തു കൊണ്ട്


ലോകഫുട്ബോളിനും ഫുട്ബാൾ ആരാധകർക്കും ദൈവം ഒരു വരദാനം നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ പേരാണ് ലയണൽ മെസി. പന്തു കാലിൽ ഒട്ടിപിടിച്ചതു പോലെ എതിരാളികളെ വെട്ടിയൊഴിഞ്ഞുള്ള നീക്കങ്ങൾ കൊണ്ടും അവിശ്വസനീയവും അസാധ്യവുമായ പാസുകൾ കൊണ്ടും അവിസ്മരണീയമായ ഗോളുകൾ കൊണ്ടും കാഴ്ച്ചക്കാരുടെ മനസിൽ അനുഭൂതി നിറക്കുന്നതിനൊപ്പം എണ്ണമറ്റ നേട്ടങ്ങളും സ്വന്തമാക്കിയെന്നതാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത്.
എന്തു കൊണ്ട് ലയണൽ മെസി കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച താരമാവുന്നു?
കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്തു നോക്കിയാൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി ലയണൽ മെസിയെ തിരഞ്ഞെടുത്തിട്ടുള്ളത് നാലു തവണയാണ്. 2011, 2012, 2015, 2019 വർഷങ്ങളിലായിരുന്നു അത്. ആ കാലഘട്ടത്തിൽ ഒരിക്കൽ മാത്രമാണ് മെസി ലോകത്തിലെ മികച്ച താരത്തിനുള്ള പോരാട്ടത്തിൽ രണ്ടാമതിനേക്കാൾ കുറഞ്ഞ സ്ഥാനത്തു വന്നിരിക്കുന്നത്. ഇക്കാലയളവിൽ തന്റെ ബാലൺ ഡി ഓർ നേട്ടങ്ങൾ ആറാക്കി ഉയർത്താനും മെസിക്കു കഴിഞ്ഞിട്ടുണ്ട്.
ലയണൽ മെസിയുടെ ബാലൺ ഡി ഓർ നേട്ടങ്ങൾക്കു മുൻപ് മൂന്നു ബാലൺ ഡി ഓർ സ്വന്തമാക്കിയ യോഹാൻ ക്രൈഫ്, മിഷേൽ പ്ലാറ്റിനി, മാർകോ വാൻ ബാസ്റ്റിൻ എന്നിവർ ലോകഫുട്ബോളിലെ മഹാരഥന്മാരായി വാഴ്ത്തപ്പെട്ടിരുന്നു. എന്നാൽ ആ റെക്കോർഡ് പൂർണമായും തകർത്തു കൊണ്ടാണ് അതിന്റെ ഇരട്ടി തവണ പുരസ്കാരം സ്വന്തമാക്കി മറ്റൊരാൾക്കും മറികടക്കാൻ കഴിയാത്ത നേട്ടം താരം സ്വന്തമാക്കിയത്.
മെസി മറ്റു താരങ്ങളേക്കാൽ മേധാവിത്വം പുലർത്തുന്നതു മനസിലാക്കാൻ താരത്തിന്റെ ഗോളുകളുടെ എണ്ണം എടുത്തു നോക്കിയാൽ മതിയാവും. ഇക്കഴിഞ്ഞ പത്തു വർഷത്തിനിടെ മെസി ഒരു വർഷത്തിൽ നേടിയ ഏറ്റവും കുറവു ഗോളുകളുടെ എണ്ണം മുപ്പത്തിയൊന്നാണ്. ഇക്കാലയളവിൽ ലീഗ് മത്സരങ്ങളിൽ ഇരുപത്തിയഞ്ചു ഗോളുകളിൽ കുറവ് നേടിയ ഒരു സീസൺ പോലും മെസിക്കുണ്ടായിട്ടില്ല.
2011-12 സീസണിലാണ് മെസിയുടെ പ്രകടനമികവിന്റെ പാരമ്യം കണ്ടത്. ആ സീസണിൽ മാത്രം മെസി 73 ഗോളുകളാണ് അടിച്ചു കൂട്ടിയത്. മെസിക്കൊപ്പം നിൽക്കുന്ന താരമെന്ന് ഏവരും വിലയിരുത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്തു പോലുമെത്താൻ കഴിയാത്ത നേട്ടമാണിത്. മാത്രമല്ല, നിലവിലെ ഏറ്റവും മികച്ച താരങ്ങൾക്ക് രണ്ടു സീസണിൽ 73 ഗോളുകൾ നേടാൻ കഴിയുന്നില്ലെന്നതും അതിനൊപ്പം ചേർത്ത് വായിക്കണം.
കഴിഞ്ഞ പത്തു വർഷത്തിൽ ആറു ലാ ലിഗ കിരീടവും രണ്ടു ചാമ്പ്യൻസ് ലീഗ് കിരീടവും മെസി നേടിയിട്ടുണ്ട്. 2011ൽ മെസി തന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ സമയത്തെ ബാഴ്സലോണ ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ടീമായി വിലയിരുത്തപ്പെടുന്നു. സാവി, ഇനിയെസ്റ്റ തുടങ്ങിയ പ്രതിഭകൾ കൂടെയുണ്ടായിരുന്നു എങ്കിലും മെസി അവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനം സ്ഥിരതയോടെ നിലനിർത്തിപ്പോന്നു.
മെസിക്കു മുൻപ് ബാഴ്സലോണക്കു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്ന സീസർ റോഡ്രിഗസ് 232 ഗോളുകളായിരുന്നു നേടിയിരുന്നത്. എന്നാൽ തന്റെ ഇരുപത്തിനാലാം വയസിൽ ഈ റെക്കോർഡ് മറികടന്ന മെസി ബാഴ്സലോണ കരിയറിലിതു വേറെ 672 തവണയാണ് വലകുലുക്കിയത്. ബാഴ്സലോണയ്ക്ക് വേണ്ടി 778 മത്സരങ്ങൾ കളിച്ചിട്ടുള്ള മെസി ആ റെക്കോർഡിലും മുന്നിൽ നിൽക്കുന്നു.
ഈ പത്തു വർഷത്തിനിടയിൽ അർജന്റീനക്കൊപ്പം അഞ്ചു പ്രധാന ടൂർണമെന്റുകൾ കളിച്ച മെസി അതിൽ ലോകകപ്പുൾപ്പെടെ മൂന്നു ഫൈനലിൽ തോറ്റെങ്കിലും താരത്തിന്റെ പ്രകടനം വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. 2014 ലോകകപ്പിലും അതിനു ശേഷം 2015, 2016 വർഷങ്ങളിലെ കോപ്പ അമേരിക്കയിലും ഫൈനലിൽ തോറ്റ മെസിയുടെ രാജ്യാന്തര കിരീടമെന്ന സ്വപ്നം ഈ വര്ഷം നടന്ന കോപ്പ അമേരിക്കയിൽ പൂവണിയുകയും ചെയ്തു. ഇനി 2022 ലോകകപ്പാണ് താരം ഉന്നം വെക്കുന്നത്.
ലയണൽ മെസിയെക്കുറിച്ച് മേൽപ്പറഞ്ഞതെല്ലാം കണക്കുകൾ നിരത്തിയുള്ള നേട്ടങ്ങളാണ്. എന്നാൽ മൈതാനത്ത് താരം കാണിക്കുന്ന മാന്ത്രികത ആർക്കും അളക്കാനോ വിവരിക്കാനോ കഴിയില്ല. ഈ നേട്ടങ്ങൾക്കു പുറമെ തന്നെ കണ്ടുകൊണ്ടിരിക്കുന്ന ഓരോ ഫുട്ബോൾ ആരാധകനെയും തന്റെ മായാജാലം കൊണ്ട് കോരിത്തരിപ്പിക്കാൻ കഴിയുന്നുവെന്നതു കൊണ്ടു തന്നെയാണ് മെസി കഴിഞ്ഞ ദശാബ്ദത്തിലെ മാത്രമല്ല, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമാവുന്നത്.