നീസിനെതിരെ നടന്ന മത്സരത്തിൽ മെസി പത്താം നമ്പർ ജേഴ്‌സിയണിഞ്ഞതിന്റെ കാരണമറിയാം
By Sreejith N

നീസിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് കപ്പ് മത്സരം വളരെയധികം ശ്രദ്ധിക്കപ്പെട്ടതിന്റെ പ്രധാന കാരണം ലയണൽ മെസി കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും ക്ലബ് തലത്തിൽ പത്താം നമ്പർ ജേഴ്‌സി അണിഞ്ഞുവെന്നതാണ്. പിഎസ്‌ജിയിലെത്തിയ സമയത്ത് നെയ്‌മർ തന്റെ പത്താം നമ്പർ ജേഴ്‌സി മെസിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അതു നിഷേധിച്ച താരം മുപ്പതാം നമ്പർ ജേഴ്‌സിയാണു തിരഞ്ഞെടുത്തത്.
എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ഏതാനും മാസങ്ങൾക്കു ശേഷം മെസി ക്ലബ് തലത്തിൽ വീണ്ടും പത്താം നമ്പർ ജേഴ്‌സി അണിയുകയുണ്ടായി. ഫ്രഞ്ച് കപ്പിന്റെ നോക്ക്ഔട്ട് മത്സങ്ങളിൽ നടപ്പാക്കാറുള്ള ഒരു സമ്പ്രദായമാണ് മെസിക്ക് വീണ്ടും പത്താം നമ്പർ ജേഴ്‌സി അണിയാൻ അവസരം ഒരുക്കിയത്. ഇതു പ്രകാരം ഫ്രഞ്ച് കപ്പ് നോക്ക്ഔട്ട് മത്സരത്തിൽ ഒന്നാം നമ്പർ മുതൽ പതിനൊന്നാം നമ്പർ വരെയുള്ള ജേഴ്‌സികളിലാണ് ടീമിലെ താരങ്ങൾ ആദ്യ ഇലവനിൽ ഇറങ്ങുക.
Messi wearing No.10 and surrounded by opposition players.
— ESPN FC (@ESPNFC) January 31, 2022
Some things never change ? pic.twitter.com/6Pt21Lu0L5
പത്താം നമ്പർ ജേഴ്‌സിയുടെ ഉടമയായ നെയ്‌മർ പരിക്കു മൂലം കുറച്ചു കാലമായി കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കുന്നതാണ് മെസിക്കു വീണ്ടും ക്ലബ് തലത്തിൽ പത്താം നമ്പർ ജേഴ്‌സി അണിയാനുള്ള അവസരം ഉണ്ടാക്കിയത്. നെയ്‌മർ ഈ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ ലയണൽ മെസി പത്താം നമ്പർ ഒഴികെയുള്ള, ഒന്നു മുതൽ പതിനൊന്നു വരെയുള്ള മറ്റേതെങ്കിലും നമ്പർ ജേഴ്‌സിയാകും അണിഞ്ഞിട്ടുണ്ടാവുക.
അതേസമയം ലയണൽ മെസി വീണ്ടും ക്ലബ് തലത്തിൽ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ മത്സരം താരത്തിനും പിഎസ്‌ജിക്കും കടുത്ത നിരാശയാണു സമ്മാനിച്ചത്. തൊണ്ണൂറു മിനുട്ടും ഗോൾ കണ്ടെത്താൻ രണ്ടു ടീമുകളും പരാജയപ്പെട്ട് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ പാഴാക്കിയ നിലവിലെ ചാമ്പ്യൻമാരായ പിഎസ്‌ജി തോൽവി വഴങ്ങി ടൂർണമെന്റിൽ നിന്നും പുറത്താവുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.