ഫ്രാൻസിൽ ബാക്കപ്പ് ഗോൾകീപ്പർമാർ ഉപയോഗിക്കുന്ന മുപ്പതാം നമ്പർ ജേഴ്സി മെസി തിരഞ്ഞെടുത്തതിനു പിന്നിലെ കാരണമിതാണ്


ലയണൽ മെസിയുടെ സൈനിങ് പൂർത്തിയാക്കിയത് പിഎസ്ജി പ്രഖ്യാപിച്ചതോടെ കരിയർ ബാഴ്സലോണയിൽ തന്നെ അവസാനിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെയാണ് ഫ്രഞ്ച് ക്ലബ് സ്വന്തമാക്കിയത്. ഇന്നലെ ബാഴ്സലോണയിൽ നിന്നും പാരീസിലെത്തിയ താരത്തെ മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം പിഎസ്ജി സ്വന്തം ജേഴ്സിയിൽ അവതരിപ്പിച്ചിരുന്നു.
രണ്ടു വർഷത്തെ കരാറിലാണ് മെസിയെ പിഎസ്ജി സ്വന്തം തട്ടകത്തിൽ എത്തിച്ചത്. എന്നാൽ ഇത് ഒരുവർഷത്തേക്ക് കൂടി നീട്ടാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം താരം പിഎസ്ജിയിൽ അണിയുന്ന ജേഴ്സി നമ്പർ ഏവരുടെയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു. ഫ്രാൻസിൽ ബാക്കപ്പ് ഗോൾകീപ്പർമാർ അണിയുന്ന മുപ്പതാം നമ്പർ ജേഴ്സിയാണ് മെസി പിഎസ്ജിയിൽ തിരഞ്ഞെടുത്തത്.
പിഎസ്ജിയുടെ പത്താം നമ്പർ ജേഴ്സി ബ്രസീലിയൻ താരം നെയ്മർ ആണ് ഉപയോഗിക്കുന്നത് എന്നിരിക്കെ മെസി പത്തൊൻപതാം നമ്പർ ജേഴ്സി തിരഞ്ഞെടുക്കും എന്നാണു ആരാധകർ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാവിലെ മുതൽ മെസി മുപ്പതാം നമ്പർ ആണ് തിരഞ്ഞെടുക്കുകയെന്ന റിപ്പോർട്ടുകൾ വരികയും പിന്നീട് പിഎസ്ജിയത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.
ബാക്കപ്പ് ഗോൾകീപ്പർമാർ അണിയുന്ന മുപ്പതാം നമ്പർ ജേഴ്സി മെസി തിരഞ്ഞെടുത്തതിനു പിന്നിൽ ഒരു കാരണമുണ്ട്. ബാഴ്സലോണ ജേഴ്സിയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മെസി അണിഞ്ഞിരുന്നത് മുപ്പതാം നമ്പർ ജേഴ്സി ആയിരുന്നു. അതിനു ശേഷം പത്തൊൻപതാം നമ്പറും അണിഞ്ഞതിനു ശേഷമാണ് മെസി സ്ഥിരമായി പത്താം നമ്പറിലേക്ക് മാറിയത്.
മുപ്പതാം നമ്പർ ഉപയോഗിച്ചിരുന്ന പിഎസ്ജിയുടെ ബാക്കപ്പ് ഗോൾകീപ്പർ അലക്സാൻഡ്രെ ലെറ്റെല്ലിയറാണ് അതു മെസിക്ക് നൽകിയത്. അതേസമയം നെയ്മർ തന്റെ പത്താം നമ്പർ ജേഴ്സി നൽകാൻ തയ്യാറായിരുന്നു എങ്കിലും അർജന്റീന നായകൻ അത് നിഷേധിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.