Football in Malayalam

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഗോൾ ലൈൻ ടെക്‌നോളജി ഉപയോഗിക്കപ്പെടാതിരുന്നതിന്റെ കാരണമെന്താണ്?

Sreejith N
Serbia v Portugal - FIFA World Cup 2022 Qatar Qualifier
Serbia v Portugal - FIFA World Cup 2022 Qatar Qualifier / Srdjan Stevanovic/GettyImages
facebooktwitterreddit

ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങളിൽ പോർച്ചുഗലും ഇറ്റലിയും ഒരേ ഗ്രൂപ്പിൽ വന്നത് ആരാധകരെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാർത്തയായിരുന്നു. ലോകഫുട്ബോളിലെ സൂപ്പർതാരമായ റൊണാൾഡോ കളിക്കുന്ന പോർച്ചുഗൽ, ഇക്കഴിഞ്ഞ യൂറോകപ്പിൽ ആക്രമണഫുട്ബോൾ കൊണ്ട് ഏവരുടെയും മനം കവർന്ന ഇറ്റലി എന്നീ ടീമുകളിലൊന്ന് അടുത്ത ലോകകപ്പിന് ഉണ്ടാവില്ലെന്നത് ആരാധകർക്ക് വലിയ നിരാശയാണു നൽകിയത്.

പോർച്ചുഗൽ ലോകകപ്പ് പ്ലേ ഓഫ് കളിക്കണമെന്ന സാഹചര്യം വന്നതോടെ സെർബിയക്കെതിരെ നടന്ന യോഗ്യത മത്സരവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആ മത്സരത്തിൽ റൊണാൾഡോ നേടിയ ഒരു ഗോൾ നിഷേധിക്കപ്പെട്ടതാണ് പോർച്ചുഗലിന് നേരിട്ട് യോഗ്യത നേടുന്നതിനു തടസമായത്. ഇതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഗോൾലൈൻ ടെക്‌നോളജി ഉപയോഗിക്കാത്തതിനെ പറ്റിയുള്ള ചർച്ചകളും സജീവമായിരുന്നു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്ന വിവിധ വേദികളിൽ ഗോൾ ലൈൻ ടെക്നോളജി സ്ഥാപിക്കാനുള്ള ബുദ്ധിമുട്ടുകളെ തുടർന്നാണ് ഇതുപയോഗിക്കാതിരുന്നത്. എന്നാൽ ആതിഥേയ രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനും, എവേ മത്സരം കളിക്കാനെത്തുന്നു രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നെങ്കിൽ അത് ഉപയോഗിക്കാമായിരുന്നെന്ന് റൊണാൾഡോയുടെ ഗോൾ നിഷേധിക്കപ്പെട്ട സെർബിയ-പോർച്ചുഗൽ മത്സരത്തിന് ശേഷം യുവേഫ വ്യക്തമാക്കിയിരുന്നു.

അതായത്, ഗോൾ ലൈൻ ടെക്നോളജി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സെർബിയയും പോർച്ചുഗലും തമ്മിൽ കൃത്യമായി ധാരണയിൽ എത്താത്തതിനെ തുടർന്നാണ് വിവാദഗോൾ പിറന്ന മത്സരത്തിൽ അത് ഉപയോഗിക്കപ്പെടാതിരുന്നത്. വളരെ ചെറിയൊരു ധാരണപ്പിശകിന് വലിയ വിലയാണ് പോർച്ചുഗലിന് നൽകേണ്ടി വന്നിരിക്കുന്നത്. ഗോൾലൈൻ ടെക്‌നോളജി ഇല്ലാതിരുന്ന ആ മത്സരത്തിൽ അതുകൊണ്ടു മാത്രം നിഷേധിക്കപ്പെട്ട ആ ഗോളിലൂടെ സമനില കൊണ്ട് പോർച്ചുഗലിനു തൃപ്‌തരാകേണ്ടി വന്നു. യോഗ്യത ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പറങ്കികളെ തോൽപ്പിച്ച് സെർബിയയാണ് നേരിട്ട് ലോകകപ്പിനു യോഗ്യത നേടിയതെന്നു കൂടി മനസിലാക്കുമ്പോഴാണ് ആ ഗോൾ എത്രത്തോളം വിലമതിക്കുന്ന ഒന്നാണെന്നു വ്യക്തമാവുക.

അതേ സമയം, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിഎആർ ഉപയോഗിക്കാനുള്ള പ്രൊപോസൽ 2019ൽ ഫിഫക്ക് യുവേഫ നൽകിയിരുന്നു. എന്നാൽ, കോവിഡ് മൂലമുണ്ടായ പരിമിതികൾ മൂലം യുവേഫ ആ പ്രൊപോസൽ പിന്നീട് പിൻവലിക്കുകയും ചെയ്‌തിരുന്നു. കോവിഡ് കാരണമുണ്ടായ പ്രശ്‌നങ്ങളും, നിയന്ത്രണങ്ങളും മൂലം ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിഎആർ ഉപയോഗിക്കാൻ കഴിയില്ലെന്ന് ജനുവരിയിൽ യുവേഫ തങ്ങളോട് പറഞ്ഞതായി ഫിഫ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പിന്നീട്, സെപ്റ്റംബർ മുതലുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വിഎആർ ടെക്നോളജി ഉപയോഗിക്കാനുള്ള തീരുമാനം യുവേഫ എടുക്കുകയും, അത് നടപ്പിലാക്കുകയും ചെയ്‌തിരുന്നു.

അതേസമയം, റൊണാൾഡോയുടെ ഗോൾ നിഷേധിച്ചത് പോലെയുള്ള പിഴവ് ഇനി വരാനുള്ള സാധ്യതകളില്ല എന്നത് ആരാധകർക്കും താരങ്ങൾക്കും ആശ്വാസമാണ്. പ്ലേ ഓഫ് മത്സരങ്ങൾ ഗോൾ ലൈൻ ടെക്‌നോളജിയും, വിഎആർ ടെക്നോളജിയും ഉപയോഗിച്ചു തന്നെയാണ് നടത്തപ്പെടുക. എന്നാൽ പ്ലേ ഓഫ് ഗ്രൂപ്പിൽ ആദ്യം ആർക്കും വെല്ലുവിളി ഉയർത്താൻ കരുത്തരായ തുർക്കിയെയും അതിനു ശേഷം ഇറ്റലി-മാസിഡോണിയ മത്സരത്തിലെ വിജയിയെയും നേരിടേണ്ട പോർച്ചുഗൽ അടുത്ത ലോകകപ്പിന് ഉണ്ടാകുമോയെന്നു കണ്ടു തന്നെയറിയേണ്ടതാണ്.


facebooktwitterreddit