ബാഴ്സലോണ ശമ്പളക്കുടിശ്ശിക നൽകിയിട്ടില്ല, ഫ്രങ്കീ ഡി ജോങിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ അനിശ്ചിതത്വത്തിൽ


ഫ്രങ്കീ ഡി ജോംഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ അനിശ്ചിതത്വത്തിൽ തുടരുന്നത് ബാഴ്സലോണ താരത്തിന്റെ ശമ്പളക്കുടിശ്ശിക കൊടുത്തു തീർക്കാത്തതിനാൽ. ട്രാൻസ്ഫർ നീക്കങ്ങൾ നിലവിൽ എവിടെയുമെത്താതെ തുടരുകയാണെങ്കിലും ബാഴ്സലോണയിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ ഡി ജോംഗിനു താൽപര്യമുണ്ടെന്നാണ് 90Min മനസിലാക്കുന്നത്.
എറിക് ടെൻ ഹാഗ് പരിശീലകനായതോടെയാണ് ഫ്രങ്കീ ഡി ജോംഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന ലക്ഷ്യമായത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ താരത്തെ വിൽക്കാൻ ബാഴ്സക്കും താല്പര്യമുണ്ടെങ്കിലും ഇതുവരെയും അതിൽ തീരുമാനമൊന്നും ആയിട്ടില്ല. എൺപതു മില്യൺ താരത്തിനായി ബാഴ്സലോണ ആവശ്യപ്പെട്ടപ്പോൾ 65 മില്യണും ആഡ് ഓണുകളുമായി ഓഫർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡും തയ്യാറായിരുന്നു.
ഇരു ക്ലബുകളും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിൽ എത്തി ഒടുവിൽ തീരുമാനം എടുക്കേണ്ടത് ഫ്രങ്കീ ഡി ജോംഗാണെന്ന സാഹചര്യം വന്നപ്പോഴാണ് ഡീലിൽ സങ്കീർണതകൾ ഉണ്ടായത്. കോവിഡ് മഹാമാരിക്കു ശേഷം താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ചതിന്റെ ഭാഗമായി പതിനേഴു മില്യൺ പൗണ്ട് ബാഴ്സലോണ ഫ്രെങ്കീ ഡി ജോംഗിനു നൽകാനുണ്ടെന്നതാണ് ട്രാൻസ്ഫർ നീക്കങ്ങൾ അനിശ്ചിതത്വത്തിലാക്കിയത്.
ഈ സീസൺ മുതൽ 2026 വരെയുള്ള വർഷങ്ങളിൽ വെട്ടിക്കുറച്ച പ്രതിഫലം നൽകുമെന്നാണ് താരവും ബാഴ്സലോണയും തമ്മിൽ ധാരണയിൽ എത്തിയതെങ്കിലും നിലവിൽ അതല്ല ബാഴ്സ ഡി ജോങിനു മുന്നിൽ വെച്ചിരിക്കുന്ന ആവശ്യം. ഒന്നുകിൽ ട്രാൻസ്ഫർ ഫീസിനു പുറമെ ഡി ജോംഗിന് ബാഴ്സ നൽകാനുള്ള തുക മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകുക, അതല്ലെങ്കിൽ കുടിശ്ശിക എഴുതിത്തള്ളി ഫ്രെങ്കീ ഡി ജോംഗ് കരാർ പുതുക്കുക എന്നതാണ് ബാഴ്സയുടെ പദ്ധതി.
എന്നാൽ ബാഴ്സലോണയുടെ പദ്ധതി മാഞ്ചസ്റ്റർ യുണൈറ്റഡിനും ഫ്രങ്കീ ഡി ജോംഗിനും സ്വീകാര്യമായ ഒന്നല്ല. രണ്ടു പേരും നൽകാനുള്ള തുക ബാഴ്സലോണ തന്നെ നൽകണം എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ഈ തുക നൽകാൻ ബാഴ്സക്കിപ്പോൾ കഴിയില്ല എന്നതു കൊണ്ടാണ് ട്രാൻസ്ഫർ പ്രതിസന്ധിയിൽ തുടരുന്നത്.
അതേസമയം തന്റെ താൽപര്യം ബാഴ്സലോണയിൽ തന്നെ തുടരുകയെന്നതാണെന്ന് ഫ്രങ്കീ ഡി ജോംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫറിന് എതിരല്ലെന്നാണ് 90Min മനസിലാക്കുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിച്ചാൽ ട്രാൻസ്ഫർ നടക്കുമെന്നും സൂചനകളുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.