Football in Malayalam

ഉഡിനസെക്കെതിരെ യുവന്റസ് ആദ്യ ഇലവനിൽ റൊണാൾഡോയെ ഇറക്കാത്തതിരുന്നത് താരം ആവശ്യപ്പെട്ടത് കൊണ്ടെന്ന് റിപ്പോർട്ട്

Ronaldo started the game vs Udinese on the bench
Ronaldo started the game vs Udinese on the bench / Alessandro Sabattini/Getty Images
facebooktwitterreddit

സീരി 2021/22 സീസണിലെ യുവന്റസിന്റെ ആദ്യ മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് താരത്തിന്റെ തന്നെ ആവശ്യപ്രകാരമായിരുന്നെന്ന് റിപ്പോർട്ട്.

ഉഡിനസെക്കെതിരെയുള്ള മത്സരത്തിൽ തങ്ങളുടെ ആദ്യ ഇലവൻ യുവന്റസ് പ്രഖ്യാപിച്ചപ്പോൾ അതിലെ റൊണാൾഡോയുടെ അസാന്നിധ്യം ഫുട്ബോൾ ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു.

ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുത്തരുതെന്ന് റൊണാൾഡോ തന്നെ ആവശ്യപ്പെട്ടത് കൊണ്ടാണ് ഉഡിനസെക്കെതിരെ താരത്തിന്റെ സ്ഥാനം പകരക്കാരുടെ ബെഞ്ചിൽ ആയതെന്നാണ് ട്രാൻസ്ഫർ എക്സ്പേർട്ടായ ഫാബ്രിസിയോ റൊമാനോ പറയുന്നത്.

അതേ സമയം, റൊണാൾഡോയെ ബെഞ്ചിലിരുത്താനുള്ള തീരുമാനം താരവുമായി ചേർന്നെടുത്തതാണെന്ന് യുവന്റസ് വൈസ് പ്രസിഡന്റ് പാവെൽ നെദ്വെദ് പറഞ്ഞു. പോർച്ചുഗീസ് താരം 100 ശതമാനവും യുവന്റസിൽ തുടരുമെന്നും നെദ്വെദ് വ്യക്തമാക്കി. "റൊണാൾഡോയുമൊത്ത് ഞങ്ങൾ തീരുമാനിച്ചതാണത്. അത് സാധാരണമാണ്. റൊണാൾഡോ 100 ശതമാനവും [ക്ലബിൽ] തുടരും," നെദ്വെദ് DAZNനോട് പറഞ്ഞു.

യുവന്റസിൽ തുടരുന്നു എന്നാണ് റൊണാൾഡോ തന്നോട് പറഞ്ഞതെന്ന് ഉഡിനസെക്കെതിരായ മത്സരത്തിന് മുൻപ് അല്ലെഗ്രി വ്യക്തമാക്കിയിരുന്നെങ്കിലും, പുതിയ സീസണിലെ ആദ്യ മത്സരത്തിലെ ആദ്യ ഇലവനിലെ താരത്തിന്റെ അസാന്നിധ്യം കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിവെച്ചേക്കും.

ഉഡിനസെക്കെതിരായ മത്സരം റൊണാൾഡോ തുടങ്ങുന്നത് ബെഞ്ചിലാണെന്ന് ഉറപ്പായതിന് പിന്നാലെ, ക്ലബ് വിടാൻ താരം തയ്യാറാണെന്നാണ് സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, തനിക്ക് ക്ലബ് വിടണമെന്ന് റൊണാൾഡോ യുവന്റസിനോട് ഔദ്യോഗികമായി ഇത് വരെ പറഞ്ഞിട്ടില്ലെന്നും, താരത്തിന് വേണ്ടി മറ്റു ക്ലബുകൾ ഒന്നും ബിഡുകൾ സമർപ്പിച്ചിട്ടില്ലെന്നും സ്കൈ സ്പോർട്സ് വ്യക്തമാക്കുന്നു.

അതേ സമയം, ഉഡിനസെക്കെതിരെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോൾ ലീഡ് രണ്ടാം പകുതിയിൽ നഷ്ടപ്പെടുത്തിയ യുവന്റസിന് പുതിയ സീസൺ വിജയത്തോടെ തുടങ്ങാൻ കഴിഞ്ഞില്ല. പൗളോ ഡിബാല, ജുവാൻ ക്വാഡ്രാഡോ എന്നിവരുടെ ഗോളുകൾക്ക് മുന്നിലെത്തിയ യുവന്റസിനെ, റോബർട്ടോ പെരേര, ജെറാർഡ് ഡയലഫൗ എന്നിവരുടെ ഗോളുകൾക്ക് ഉഡിനസെ സമനിലയിൽ തളക്കുകയായിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit