ബാഴ്സലോണയുടെ കഴിഞ്ഞ മത്സരത്തിൽ കുട്ടീഞ്ഞോയെ കളത്തിലിറക്കാതിരുന്നത് താരത്തിന്റെ മനോഭാവം മൂലം

ബാഴ്സലോണയുടെ ബ്രസീലിയന്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയും ബാഴ്സലോണയും തമ്മില്‍ അകലുന്നതായി സൂചന. ലാലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇക്കാര്യം മറനീക്കി പുറത്തുവരുകയും ചെയ്തു. സെല്‍റ്റാ വിഗോക്കെതിരെയുള്ള മത്സരത്തില്‍ താരം ബെഞ്ചിലുണ്ടായിരുന്നെങ്കിലും ഒരു സമയത്ത് പോലും താല്‍ക്കാലിക പരിശീലകന് ബര്‍ജുവാന്‍ കുട്ടീഞ്ഞോക്ക് അവസരം നല്‍കിയിരുന്നില്ല.
അന്‍സു ഫാത്തിക്ക് പരുക്കേറ്റപ്പോള്‍ ബര്‍ജുവാന്‍ കുട്ടീഞ്ഞോയോട് വാം അപ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തെ പകരക്കാരന്റെ റോളില്‍ കളത്തിലിറക്കാന്‍ ബര്‍ജുവാന്‍ തയ്യാറായില്ല. താരത്തിന്റെ മോശം മനോഭാവമാണ് കളത്തിലിറക്കാതിരിക്കാന്‍ കാരണമെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. മത്സരത്തിൽ, ഫാത്തിക്ക് പകരക്കാരനായി അലയാന്ദ്രോ മാര്‍ട്ടിനസിനെയാണ് ബര്‍ജുവാന്‍ കളത്തിലിറക്കിയത്.
അതേ സമയം, ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കുട്ടീഞ്ഞോയെ ബാഴ്സലോണ വില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കുട്ടീഞ്ഞോയുടെ പ്രകടനത്തില്‍ ബാഴ്സലോണ തൃപ്തരല്ല. അതുകൊണ്ട് തന്നെ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ താരത്തെ വില്ക്കാന് അവർ ശ്രമിക്കുമെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഉടമകള്‍ക്ക് കീഴില്‍ മികച്ച ക്ലബാകാന്‍ ഒരുങ്ങുന്ന ന്യൂകാസില്‍ യുണൈറ്റഡിന് ബ്രസീലിയൻ താരത്തിൽ താല്പര്യമുണ്ടെന്നാണ് വിവിധ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.