Football in Malayalam

ബാഴ്‌സലോണയുടെ പുത്തൻ താരോദയമായ ഗാവി ഷൂലേസുകൾ കെട്ടാതെ കളിക്കുന്നതിനു പിന്നിലെ കാരണമറിയാം

Sreejith N
FC Barcelona v Elche CF - La Liga Santander
FC Barcelona v Elche CF - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ലയണൽ മെസിക്ക് പകരക്കാരനാവാൻ ആർക്കും കഴിയില്ലെങ്കിലും ഈ സീസണിൽ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന താരോദയമാണ് പാബ്ലോ ഗാവിയെന്ന പതിനേഴുകാരൻ. റൊണാൾഡ്‌ കൂമാനു കീഴിൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം വളരെപ്പെട്ടന്നു തന്നെ യൂറോപ്പിലെ ശ്രദ്ധാകേന്ദ്രമായി മാറിയ താരം തകർപ്പൻ ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത്.

ഗാവിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുമ്പോൾ അതിനൊപ്പം ചർച്ച ചെയ്യപ്പെടുന്നത് കളിക്കുമ്പോൾ താരം ചെയ്യുന്ന അസ്വാഭാവികമായ ഒരു പ്രവൃത്തിയാണ്. മറ്റുള്ള താരങ്ങളിൽ നിന്നും വ്യത്യസ്‌തമായി ഷൂലേസുകൾ കെട്ടിയിട്ടല്ല ഗാവി കളിക്കുക. താരം പലപ്പോഴും അതഴിഞ്ഞു കിടക്കുന്നതു ശ്രദ്ധിക്കുക പോലും ചെയ്യാതെയാണ് മൈതാനത്തുണ്ടാവുക.

ഗാവിക്ക് ഷൂലേസുകൾ കെട്ടാൻ അറിയില്ലെന്നതാണ് താരത്തിന്റെ ഈ പ്രവൃത്തിക്കു പിന്നിലെ രസകരമായ കാരണം. "വളരെ ചെറുപ്പം മുതൽ തന്നെ ലേസുകൾ കെട്ടാതെയാണ് ഗാവി കളിക്കുന്നത്. അതു കെട്ടാൻ താരത്തിന് അറിയുകയുമില്ല. അതൊരു പ്രശ്‌നമായി കരുതാതെ താരം അങ്ങിനെ തന്നെ കളിക്കുകയും ചെയ്യുന്നു." സ്‌പാനിഷ്‌ ജേർണലിസ്റ്റ് മാർക് മർബാ പ്രാറ്റ്സ് ട്വിറ്ററിൽ പറഞ്ഞു.

ഗാവിയുടെ ഈ രീതിയെ സമീപകാലത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ബാഴ്‌സലോണ സഹതാരമായ നിക്കോ ഗോൺസാൽവസ് കളിയാക്കിയിരുന്നു. ഗാവിയുടെ ഷൂലേസ് താൻ കെട്ടിക്കൊടുക്കുന്ന ചിത്രം "ഇതു പഠിക്കാനുള്ള സമയമായി" എന്ന തലക്കെട്ടോടെയാണ് നിക്കോ പങ്കു വെച്ചത്.

ബാഴ്‌സലോണക്കു വേണ്ടി കാഴ്‌ച വെക്കുന്ന മികച്ച പ്രകടനം മൂലം യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് ഗാവിയിൽ കണ്ണുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ലിവർപൂൾ, ചെൽസി, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകൾ താരത്തിന്റെ പ്രകടനം വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit