റയൽ മാഡ്രിഡിന്റെ ലാ ലിഗ കിരീടനേട്ടത്തിന്റെ ആഘോഷങ്ങളിൽ ഗാരെത് ബേൽ പങ്കെടുക്കാതിരുന്നതിന്റെ കാരണമിതാണ്

Why Gareth Bale Was Absent From Real Madrid's La Liga Title Celebrations
Why Gareth Bale Was Absent From Real Madrid's La Liga Title Celebrations / Denis Doyle/GettyImages
facebooktwitterreddit

കഴിഞ്ഞ ദിവസം നടന്ന ലാ ലിഗ മത്സരത്തിൽ എസ്‌പാന്യോളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കിയതോടെ തങ്ങളുടെ ചരിത്രത്തിലെ മുപ്പത്തിയഞ്ചാമത്തെ ലീഗ് കിരീടം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഈ സീസണിന്റെ ആദ്യഘട്ടം മുതൽ തന്നെ ലീഗിൽ മുന്നിലായിരുന്ന റയൽ മാഡ്രിഡ് വലിയ ഭീഷണിയൊന്നും നേരിടാതെയാണ് ഇത്തവണ സ്‌പാനിഷ്‌ ലീഗ് കിരീടം ഉയർത്തിയത്.

നാല് മത്സരങ്ങൾ ബാക്കി നിൽക്കെ കഴിഞ്ഞ സീസണിൽ അത്ലറ്റികോ മാഡ്രിഡിനോട് കൈവിട്ട ലീഗ് കിരീടം തിരിച്ചു പിടിച്ചത് റയൽ മാഡ്രിഡ് താരങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ആഘോഷിച്ചിരുന്നു. എന്നാൽ ആഘോഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ഗാരെത് ബേലിന്റെ അസാന്നിധ്യമാണ്. കിരീടാഘോഷങ്ങളിൽ താനെന്തു കൊണ്ട് പങ്കെടുത്തില്ലെന്ന് താരം പിന്നീട് വെളിപ്പെടുത്തുകയും ചെയ്‌തു.

"ചാമ്പ്യൻസ്!! പുറത്തെ പേശി വലിവിനെ തുടർന്ന് മോശം അവസ്ഥയിലായതിനാൽ എനിക്ക് കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നത് വലിയ നിരാശയായി. എന്നാൽ ടീമിന്റെ കിരീടനേട്ടത്തിൽ വളരെയധികം അഭിമാനമുണ്ട്. ഈ രാത്രി ആസ്വദിക്കുക സുഹൃത്തുക്കളേ." തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ റയൽ മാഡ്രിഡിന് അഭിനന്ദനങ്ങൾ നേർന്ന് ഗാരെത് ബേൽ കുറിച്ചു.

ഈ സീസണിൽ വളരെ ചുരുങ്ങിയ മത്സരങ്ങളിൽ മാത്രം കളിച്ച ഗാരെത് ബേൽ തന്റെ റയൽ മാഡ്രിഡ് കരിയറിലെ മൂന്നാമത്തെ ലീഗ് കിരീടമാണ് സ്വന്തമാക്കുന്നത്. ഒൻപതു വർഷത്തെ കരിയറിൽ റയലിന് നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും സ്വന്തമാക്കാൻ സഹായിച്ച വെയിൽസ്‌ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നതിനാൽ ക്ലബ് വിടാനൊരുങ്ങി നിൽക്കുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.