Football in Malayalam

ബ്രസീലിയൻ മാധ്യമപ്രവർത്തകന്റെ അഞ്ചു ബാലൺ ഡി ഓർ വോട്ടുകളിൽ ഒരെണ്ണം പോലും മെസിക്കില്ല

Sreejith N
Paris Saint Germain v OGC Nice - Ligue 1 Uber Eats
Paris Saint Germain v OGC Nice - Ligue 1 Uber Eats / Xavier Laine/GettyImages
facebooktwitterreddit

ലോകഫുട്ബോളിൽ തന്നെ ഇനിയാരും കേറിവരാനിടയില്ലാത്ത ചരിത്രനേട്ടത്തിലേക്കാണ് അർജന്റീനിയൻ താരം ലയണൽ മെസി ഇക്കഴിഞ്ഞ നവംബർ 29നു കയറിച്ചെന്നത്. ഫ്രാൻസിൽ വെച്ചു നടന്ന ചടങ്ങിൽ തന്റെ ഏഴാം ബാലൺ ഡി ഓർ നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഞ്ചു ബാലൺ ഡി ഓറെന്ന നേട്ടത്തെ വളരെ പിന്നിലാക്കാനും മെസിക്ക് കഴിഞ്ഞു.

ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർ വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുന്ന ബാലൺ ഡി ഓർ പുരസ്‌കാരം നേടിയ മെസിക്ക് വോട്ടുകളിലൂടെ കിട്ടിയത് 613 പോയിന്റാണ്. ഓരോ രാജ്യത്തു നിന്നുമുള്ള മാധ്യമപ്രവർത്തകർ ചെയ്യുന്ന വോട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നപ്പോൾ അതിൽ ശ്രദ്ധേയമായത് ബ്രസീലിൽ നിന്നുള്ള പ്രതിനിധിയുടെ വോട്ടുകളാണ്.

ടിവി ഗ്ലോബോയുടെ മാധ്യമപ്രവർത്തകനായ ക്ലെബെർ മച്ചാഡോ ആണ് ഇത്തവണത്തെ ബാലൺ ഡി ഓറിനു ബ്രസീലിനെ പ്രതിനിധീകരിച്ച് വോട്ടു ചെയ്‌തത്‌. മൊത്തം അഞ്ചു വോട്ടുകൾ അദ്ദേഹം ചെയ്‌തുവെങ്കിലും അതിൽ ഒരെണ്ണം പോലും മെസിക്കായിരുന്നില്ല. ഡി ബ്രൂയ്ൻ, ജോർജിന്യോ, എംബാപ്പെ, ലുക്കാക്കു, നെയ്‌മർ എന്നിവർക്കാണ് അദ്ദേഹം തന്റെ വോട്ടുകൾ നൽകിയത്.

കഴിഞ്ഞ ജൂണിൽ ബ്രസീലിൽ വച്ചു നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ആധികാരികമായ പ്രകടനം നടത്തി അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച മെസിക്ക് തന്റെ അഞ്ചു വോട്ടുകളിൽ ഒരെണ്ണം പോലും ബ്രസീലിയൻ ജേർണലിസ്റ്റ് നൽകിയില്ലെന്നത് ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയെങ്കിലും മെസിയുടെ വിജയം തടയാൻ അതിനുമായില്ല.

ബാലൺ ഡി ഓറിൽ രണ്ടാം സ്ഥാനം നേടിയ ബയേൺ താരം റോബർട്ട് ലെവൻഡോസ്‌കിക്കും ബ്രസീലിയൻ പ്രതിനിധി തന്റെ വോട്ട് നൽകിയിട്ടില്ല. 580 പോയിന്റുകൾ നേടിയാണ് പോളണ്ട് സ്‌ട്രൈക്കർ രണ്ടാം സ്ഥാനത്തെത്തിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit