മെസിയുടെ പി എസ് ജി അരങ്ങേറ്റം വൈകും; പുറത്ത് വരുന്ന ഏറ്റവും പുതിയ സൂചനകൾ ഇങ്ങനെ...

ബാഴ്സലോണ വിട്ട അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഔദ്യോഗികമായി ഒരു പി എസ് ജി താരമായി മാറിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച ക്ലബ്ബ് താരത്തെ അവതരിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം നടന്ന ലീഗ് വൺ മത്സരത്തിൽ മെസി അവർക്കായി കളിച്ചിരുന്നില്ല. ഈ മത്സരം സ്റ്റാൻഡിലിരുന്ന് കണ്ട മെസി എന്ന് പി എസ് ജിക്കായി മൈതാനത്തിനിറങ്ങും എന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ താരത്തിന്റെ പി എസ് ജി അരങ്ങേറ്റം വൈകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ.
കോപ്പ അമേരിക്കയിൽ അർജന്റീനക്കൊപ്പം ഇക്കുറി കിരീടം നേടിയ മെസി ഇതിന് ശേഷം കാര്യമായ പരിശീലനം നടത്തിയിട്ടില്ല. ഇത് കൊണ്ടു തന്നെ മാച്ച് ഫിറ്റ്നസിലേക്ക് എത്തുന്നതിന് താരത്തിന് അല്പം സമയം ആവശ്യമാണ്. സാധാരണ, പുതിയ സൈനിംഗുകൾക്ക് രണ്ടോ മൂന്നോ ആഴ്ച സമയം അരങ്ങേറ്റത്തിന് മുൻപ് തയ്യാറെടുപ്പുകൾക്കായി ക്ലബ്ബുകൾ നൽകാറുണ്ട്. ഈ കാലയളവിലാണ് താരങ്ങൾ മത്സര ഫിറ്റ്നസിലേക്കെത്തുന്നത്. അങ്ങനെ നോക്കുമ്പോൾ മെസിയുടെ പി എസ് ജി അരങ്ങേറ്റം നടക്കുക സെപ്റ്റംബറിലെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷമാകും.
സെപ്റ്റംബറിലാണ് ഈ സീസണിലെ ആദ്യ അന്താരാഷ്ട്ര ഇടവേള. ഈ സമയം അർജന്റീനക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളുണ്ട്. ഈ മത്സരങ്ങളിൽ അർജന്റീനക്കായി കളിക്കുന്ന മെസി അന്താരാഷ്ട്ര ഇടവേള കഴിഞ്ഞ് പി എസ് ജിയിലേക്ക് തിരിച്ചെത്തിയതിന് ശേഷമാകും ക്ലബ്ബിനായി അരങ്ങേറുക.
അന്താരാഷ്ട്ര ഇടവേളക്ക് ശേഷം പാരീസ് സെന്റ് ജെർമ്മന്റെ ആദ്യ മത്സരം സെപ്റ്റംബർ 12 ന് ക്ലെർമോണ്ട് ഫുടിനെതിരെയാണ്. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന ഈ ലീഗ് വൺ മത്സരത്തിലൂടെയാകും തന്റെ പുതിയ ക്ലബ്ബിൽ മെസിയുടെ അരങ്ങേറ്റം. ഇതേ ആഴ്ച തന്നെ പി എസ് ജി ജേഴ്സിയിൽ ചാമ്പ്യൻസ് ലീഗിലും മെസി അരങ്ങേറിയേക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മത്സരത്തിന്റെ ഫിക്സ്ചർ ഇതു വരെ പുറത്ത് വന്നിട്ടില്ലെങ്കിലും സെപ്റ്റംബർ 14 നോ 15 നോ ആകും പോരാട്ടമെന്നാണ് സൂചനകൾ.