Football in Malayalam

ബാഴ്‌സലോണയിൽ പ്രതിസന്ധി വരുമ്പോൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ ബലിയാടാകുന്നു, വിമർശനവുമായി വാൻ ഗാൽ

Sreejith N
FBL-ENG-PR-SOUTHAMPTON-MAN UTD
FBL-ENG-PR-SOUTHAMPTON-MAN UTD / IAN KINGTON/GettyImages
facebooktwitterreddit

ടീം സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതു മൂലം ബാഴ്‌സലോണ പരിശീലകസ്ഥാനത്ത് റൊണാൾഡ്‌ കൂമാൻ വളരെയധികം പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ലാ ലിഗയിൽ നിലവിൽ ഒൻപതാം സ്ഥാനത്തുള്ള ടീം ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും തോൽക്കുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടു തന്നെ റൊണാൾഡ്‌ കൂമാനെ പരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന ആവശ്യം പല ഭാഗത്തു നിന്നും ശക്തവുമാണ്.

എന്നാൽ റൊണാൾഡ്‌ കൂമാനു തന്റെ എല്ലാവിധ പിന്തുണയും നൽകി രംഗത്തെത്തിയിരിക്കയാണ് മുൻ ബാഴ്‌സലോണ പരിശീലകനും നിലവിൽ നെതർലാൻഡ്‌സ് ടീം കോച്ചുമായ ലൂയിസ് വാൻ ഗാൽ. ക്ലബിനുള്ളിൽ പ്രതിസന്ധിയുണ്ടാകുന്ന സമയത്ത് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കു നേരെ വിമർശനം ഉന്നയിക്കുകയും അവരെ ബലിയാടാക്കുകയും ചെയ്യുന്നത് ബാഴ്‌സയുടെ സ്വഭാവമാണെന്നാണ് വാൻ ഗാൽ പറയുന്നത്.

"ചരിത്രം അതുപോലെതന്നെ ആവർത്തിക്കുന്നു. ബാഴ്‌സയിൽ വളരെ സാധാരണയായി നടക്കുന്ന സംഭവങ്ങളാണ് ഇതെല്ലാം. കാര്യങ്ങൾ നന്നായി നടന്നു പോവുകയും ഫ്രാങ്കീ ഡി ജോംഗ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെയ്യുന്നതു പോലെ നിങ്ങൾ ടീമിന് മികച്ച സംഭാവനകൾ നൽകുകയും ചെയ്യുമ്പോൾ പേടിക്കേണ്ട കാര്യമില്ല."

"എന്നാൽ കാര്യങ്ങൾ മോശമായി വന്നാൽ, ബാഴ്‌സലോണയിൽ ഉള്ളയാളുകൾ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് പഴി പറയുക. ഇപ്പോഴത് പരിശീലകനായി മാറി. ഇതിനെ യാതൊരു തരത്തിലും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന ഉപദേശം മാത്രമേ എനിക്കദ്ദേഹത്തിനു നൽകാനുള്ളൂ." വാൻ ഗാൽ കൂമാനെതിരെയുള്ള വിമർശനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ടീം മോശം ഫോമിലാണെങ്കിലും പരിശീലകനായി റൊണാൾഡ്‌ കൂമാൻ തന്നെ തുടരുമെന്ന് ബാഴ്‌സ പ്രസിഡന്റ് യോൻ ലപോർട്ട ഇന്റർനാഷണൽ ബ്രേക്കിനു മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ടീമിലേക്ക് വരാൻ സന്നദ്ധനാണെന്ന സൂചനകൾ സാവി ഹെർണാണ്ടസ് നൽകിയതിനാൽ ലപോർട്ട മാറി ചിന്തിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

facebooktwitterreddit