La Liga

ബാഴ്‌സലോണയുടെ പ്രകടനത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന താരത്തെ വെളിപ്പെടുത്തി തിയാഗോ അൽകാൻട്ര

Sreejith N
Wolverhampton Wanderers v Liverpool - Premier League
Wolverhampton Wanderers v Liverpool - Premier League / Matthew Ashton - AMA/Getty Images
facebooktwitterreddit

ലോകത്തിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്‌ഫീൽഡർമാരിൽ ഒരാളായ തിയാഗോ അൽകാൻട്ര ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ രൂപപ്പെട്ട് സീനിയർ ടീമിലൂടെ പ്രൊഫെഷണൽ ഫുട്ബോളിലേക്ക് ചുവടുവെച്ച താരമാണ്. സാവി, ഇനിയേസ്റ്റ, ബുസ്‌ക്വറ്റ്സ് എന്നിങ്ങനെയുള്ള മഹാരഥന്മാർ അണിനിരക്കുന്ന ബാഴ്‌സലോണ മധ്യനിരയിൽ സ്ഥാനം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതു കൊണ്ടാണ് പെപ് ഗാർഡിയോള പരിശീലകനായിരിക്കുമ്പോൾ താരം ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയത്.

നിരവധി വർഷങ്ങൾ ബയേണിൽ കളിച്ച താരം കഴിഞ്ഞ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും ജർമൻ ക്ലബിന് നേടിക്കൊടുത്താണ് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ വേണ്ടി ലിവർപൂളിലേക്ക് ചേക്കേറിയത്. എങ്കിലും ബാഴ്‌സലോണയുമായി ഇപ്പോഴും അഭേദ്യമായ ബന്ധം പുലർത്തുന്ന താരം കഴിഞ്ഞ ദിവസം കാറ്റാലൻ ടീമിൽ ഏറ്റവും നിർണായകമായ സ്വാധീനം ചെലുത്തുന്ന താരത്തെ വെളിപ്പെടുത്തി.

ഡിഫെൻസിവ് മിഡ്‌ഫീൽഡറായി കളിക്കുന്ന ബുസ്‌ക്വറ്റ്‌സാണ് ബാഴ്‌സയിലെ ഏറ്റവും പ്രധാനപ്പെട്ട താരമെന്നാണ് തിയാഗോ പറയുന്നത്. പ്രായത്തിന്റെ പ്രശ്‌നങ്ങൾ മൂലം പ്രകടനത്തിൽ പലപ്പോഴും മങ്ങലുണ്ടെങ്കിലും ബാഴ്‌സലോണയിൽ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനാവാൻ കഴിയുന്ന ഒരു താരമില്ലെന്നാണ് തിയാഗോ പറയുന്നത്.

"നിങ്ങൾ ഇപ്പോഴും ഈ ചർച്ചകൾ എനിക്ക് മുന്നിൽ തുറന്നിടുന്നു, എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരാളില്ല. ഫുട്ബോൾ കൂടുതൽ കാണുകയും വിശകലനം നടത്തുകയും ചെയ്യുമ്പോൾ ഞാനത് എപ്പോഴും പറയും. ബുസ്‌ക്വറ്റ്സ് കളിക്കുകയാണെങ്കിൽ ബാഴ്‌സലോണ മികവ് കാണിക്കും. ഒരു മികച്ച പ്രൊഫെഷണലായ അദ്ദേഹം പരിശീലിക്കുന്നതു കണ്ട് എനിക്കൊരുപാട് കാര്യങ്ങൾ മനസിലാക്കുന്നത് തുടരണം." തിയാഗോ വ്യക്തമാക്കി.

ബാഴ്‌സക്ക് വേണ്ടി നാനൂറിലധികം മത്സരങ്ങൾ കളിച്ച് എട്ടു ലാ ലിഗയും മൂന്നു ചാമ്പ്യൻസ് ലീഗും നേടിയിട്ടുള്ള ബുസ്‌ക്വറ്റ്സ് നിലവിൽ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ പതറിയെങ്കിലും കൂമാൻ ബാഴ്‌സലോണയുടെ ഫോർമേഷനിൽ നടത്തിയ മാറ്റം സ്‌പാനിഷ്‌ താരത്തെ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ അനുവദിക്കുന്നുണ്ട്.

facebooktwitterreddit