Football in Malayalam

'തെരുവിവിൽ വെച്ചു ഞാൻ നിങ്ങളെ കൊന്നു കളയും' - ജോർദി ആൽബയോട് സ്‌പാനിഷ്‌ ഭാഷയിൽ കയർത്ത് എംബാപ്പെ

Sreejith N
FBL-EUR-C1-BARCELONA-PSG
FBL-EUR-C1-BARCELONA-PSG / LLUIS GENE/Getty Images
facebooktwitterreddit

ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായത് പിഎസ്‌ജിയുടെ കെയ്‌ലിയൻ എംബാപ്പയായിരുന്നു. മൂന്നു ഗോളുകൾ മത്സരത്തിൽ നേടിയ താരമാണ് ബാഴ്‌സലോണക്കെതിരെ പിഎസ്‌ജിയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതും ക്വാർട്ടർ ഫൈനലിലേക്കുള്ള ടീമിന്റെ പ്രവേശനം ഏറെക്കുറെ ഉറപ്പിച്ചതും. പിഎസ്‌ജി ബാഴ്‌സയെ നിഷ്പ്രഭമാക്കിയ മത്സരത്തിൽ ചൂട് പിടിച്ച രംഗങ്ങൾക്കും കുറവില്ലായിരുന്നു.

മത്സരത്തിനിടെ എംബാപ്പെയും ബാഴ്‌സലോണ ലെഫ്റ്റ് ബാക്കായ ജോർദി ആൽബയും തമ്മിലുണ്ടായ വാക്കു തർക്കത്തിന്റെ വാർത്തകളാണ് ഇപ്പോൾ ഫുട്ബാൾ ലോകത്ത് സജീവമാകുന്നത്. ബാഴ്‌സ റൈറ്റ് ബാക്കായ ഡെസ്റ്റുമായി എംബാപ്പെ തർക്കത്തിലേർപ്പെട്ടപ്പോൾ അതിൽ ഇടപെടാൻ വന്ന ആൽബയോട് തെരുവിൽ വെച്ച് ഞാൻ നിങ്ങളെ കൊന്നു കളയുമെന്നാണ് എംബാപ്പെ പറഞ്ഞത്.

മത്സരത്തിൽ ഒരു കോർണറിനു മുൻപായി ഡെസ്റ്റും എംബാപ്പെയും തമ്മിലുള്ള തർക്കത്തിൽ ആൽബയും പിക്വയും ഇടപെടുകയായിരുന്നു. ഇതിനിടയിലാണ് എംബാപ്പെ ഞാൻ നിങ്ങളെ തെരുവിൽ വെച്ച് കൊന്നു കളയുമെന്ന് ആവർത്തിച്ച് പറഞ്ഞത്. ആ സമയം പിക്വ തന്റെ സഹതാരത്തെ പ്രതിരോധിച്ച് രംഗത്തെത്തുകയും ചെയ്‌തു.

കൊല്ലാൻ നീയാരാണെന്ന് ചോദിച്ച് പിക്വ എംബാപ്പക്കരികിലേക്ക് ചെന്നെങ്കിലും ആൽബ പെട്ടന്ന് തന്നെ ആ സാഹചര്യത്തെ തണുപ്പിച്ചു. ഇവൻ കാര്യങ്ങൾ മനസിലാക്കി വരുന്നേയുള്ളൂവെന്ന് പറഞ്ഞാണ് ആൽബ തർക്കം അവസാനിപ്പിച്ചത്. മൂവീസ്റ്റാർ പുറത്തുവിട്ട രംഗങ്ങളിലെ സംഭാഷണം അധികരിച്ച് മാർക്കയാണ് ഇക്കാര്യം പുറത്തു വിട്ടത്.

അതേ സമയം റയൽ ആരാധകർ ഇതിനെ വേറൊരു തരത്തിലാണ് നോക്കിക്കാണുന്നത്. ആൽബയോട് സ്‌പാനിഷ്‌ ഭാഷയിൽ എംബാപ്പെ സംസാരിച്ചതിൽ നിന്നും താരം സ്‌പാനിഷ്‌ പഠിച്ചിട്ടുണ്ട് എന്നതു വ്യക്തമാണെന്നും അത് റയൽ മാഡ്രിഡിലേക്ക് എംബാപ്പെ ചേക്കേറാനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് റയൽ ആരാധകർ കരുതുന്നത്.

facebooktwitterreddit