Football in Malayalam

തന്റെ മടങ്ങി വരവ് മത്സരത്തിന് മുൻപ് റൊണാൾഡോ നടത്തിയ ഡ്രെസ്സിംഗ് റൂം പ്രസംഗത്തിന്റെ വിശദാംശങ്ങൾ പുറത്ത്

By Gokul Manthara
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Laurence Griffiths/Getty Images
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തിരിച്ചു വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിനും അവരുടെ ആരാധകർക്കും സമ്മാനിക്കുന്ന ഊർജ്ജം ചെറുതല്ല. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തീർത്തും അപ്രതീക്ഷിതമായി മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ താരം കഴിഞ്ഞയാഴ്ച ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ കളിച്ചു കൊണ്ട് ക്ലബ്ബിലേക്കുള്ള രണ്ടാം വരവിലെ തന്റെ അരങ്ങേറ്റം നടത്തി. ഇരട്ട ഗോളുകളോടെ തന്റെ മടങ്ങി വരവ് ആഘോഷമാക്കിയാണ് ഈ മത്സരത്തിൽ നിന്ന് റോണോ മടങ്ങിയത്.

ന്യൂകാസിൽ യുണൈറ്റഡിനെതിരായ ഈ മത്സരത്തിന് മുൻപ് റൊണാൾഡോ ഡ്രെസ്സിംഗ് റൂമിൽ തന്റെ സഹതാരങ്ങൾക്ക് മുന്നിൽ ഒരു ചെറിയ പ്രസംഗവും നടത്തിയിരുന്നു. ഇപ്പോളിതാ അതിന്റെ വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുന്നു‌. ഈ സംസാരത്തിനിടെ താൻ ക്ലബ്ബിലേക്ക് മടങ്ങി വന്നതിന്റെ കാരണങ്ങൾ സഹകളികാരുമായി പങ്കു വെച്ച റോണോ, ക്ലബ്ബിൽ വന്നത് ജയിക്കാൻ വേണ്ടി മാത്രമാണെന്നും ചൂണ്ടിക്കാട്ടി.

"രണ്ട് കാരണങ്ങളാലാണ് ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. ഒന്നാമത്തേത് എന്തെന്നാൽ ഞാൻ ഈ ക്ലബ്ബിനെ സ്നേഹിക്കുന്നു. വിജയമനോഭാവം വളർത്തുന്നതിൽ ക്ലബിനുള്ള സ്ഥാനമാണ് രണ്ടാമതായി ഞാനിഷ്ടപ്പെടുന്ന കാര്യം.''

''നിങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ ഈ ക്ലബ്ബിനെ സ്നേഹിക്കണം. നിങ്ങൾ ഈ ക്ലബ്ബിനായി കഴിക്കുകയും, ഉറങ്ങുകയും, പോരാടുകയും വേണം. കളിച്ചാലും ഇല്ലെങ്കിലും നിങ്ങൾ നിങ്ങളുടെ സഹതാരങ്ങളെ‌ പിന്തുണക്കുകയും, എല്ലായ്പ്പോളും ക്ലബ്ബിന് നിങ്ങളുടെ 100% നൽകുകയും വേണം."

"ഞാൻ ഇവിടെ വന്നത് ജയിക്കാനാണ് മറ്റൊന്നിനുമല്ല. വിജയം നമുക്ക് സന്തോഷം നൽകുന്നു. ഞാൻ സന്തോഷവാനായിരിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളും? ഡ്രെസ്സിംഗ് റൂം പ്രസംഗത്തിനിടെ റൊണാൾഡോ പറഞ്ഞു.

""ഞാൻ ടീമിനായി എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. എന്നാൽ എനിക്ക് നിങ്ങളുടെ പിന്തുണയും ആവശ്യമാണ്." "

റൊണാൾഡോ സഹകളികാരോട്

അതേ സമയം ‌സംസാരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ സഹതാരങ്ങളെ പ്രശംസിക്കാനും റൊണാൾഡോ മറന്നില്ല. നിങ്ങളെ വിശ്വാസമുള്ളത് കൊണ്ടാണ് താൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വന്നതെന്ന് സഹകളികാരോടായി പറഞ്ഞ റോണോ, ടീമിന് വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും താൻ ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.

" നിങ്ങളെല്ലാം അതിശയിപ്പിക്കുന്ന കളികാരാണ്. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. അല്ലായിരുന്നെങ്കിൽ ഞാൻ മടങ്ങി വരില്ലായിരുന്നു‌. നിങ്ങൾ നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകിയാൽ ആരാധകർ നിങ്ങളെ പിന്തുണയ്ക്കും. ഇവിടെ ഒരു വിജയതൃഷ്ണ സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഞാൻ ഒരു ദിനം വിരമിക്കുമ്പോളും ആ വിജയതൃഷ്ണ ഇവിടെ നിലനിൽക്കും. ഈ കളികാർ നമ്മൾ പണ്ട് ചെയ്തിരുന്നത് പോലെ ഫുട്ബോളിൽ ആധിപത്യം സ്ഥാപിക്കും."


facebooktwitterreddit