Football in Malayalam

യൂറോപ്പ ലീഗിൽ ബാഴ്‌സലോണ പോലെയുള്ള ടീമുകളെ പേടിയില്ലെന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയെസ്

Sreejith N
FC Bayern München v FC Barcelona: Group E - UEFA Champions League
FC Bayern München v FC Barcelona: Group E - UEFA Champions League / Alexander Hassenstein/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായി യൂറോപ്പ ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്ന ബാഴ്‌സലോണ പോലെയുള്ള മികച്ച ടീമുകളെ തങ്ങൾക്കു പേടിയില്ലെന്ന് വെസ്റ്റ് ഹാം യുണൈറ്റഡ് പരിശീലകൻ ഡേവിഡ് മോയെസ്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ ചെൽസിയെയും അതിനു മുൻപ് ലിവർപൂളിനെയും തോൽപ്പിച്ച് ഈ സീസണിൽ മികച്ച ഫോം കാഴ്‌ച വെക്കുന്ന വെസ്റ്റ് ഹാമിന്‌ യൂറോപ്പിലെ വമ്പൻ ടീമുകളെ മറികടക്കാനുള്ള കരുത്തുണ്ടെന്നു തന്നെയാണ് മോയെസ് പറയുന്നത്.

"ഞങ്ങൾക്ക് ഒരുപാട് വലിയ ടീമുകളുമായി കളിക്കാനുള്ള അവസരം ലഭിച്ചിരുന്നു, എന്നാൽ ഞാൻ കരുതുന്നത് ഞങ്ങൾ തന്നെ ഒരു വലിയ ടീമാണെന്നാണ്. പല ടീമുകളും ഞങ്ങൾക്കെതിരെ കളിക്കേണ്ടി വരുന്നതിൽ ആശങ്കപ്പെടുന്നുണ്ട്. ഈ മത്സരങ്ങൾ വരുമ്പോൾ ഞങ്ങൾ കൃത്യമായ ഘടനയും മികച്ച ഫോമും നിലനിർത്തുമെന്ന് കരുതുന്നു."

"ഈ മത്സരങ്ങളിലുള്ള പേരുകൾ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ തന്നെയാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും താഴേക്കു വന്നിട്ടുള്ള ടീമുകൾ തന്നെയാണ് ഫൈനലിലെത്താൻ സാധ്യതയുള്ളവ. എന്നാൽ ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളെയും ചാമ്പ്യൻസ് ലീഗ് വിജയിച്ച ടീമുകളോടും പൊരുതാൻ വേണ്ടി കഴിയുമെങ്കിൽ ഇവർക്കും നല്ലൊരു മത്സരം നൽകാനാവും." മോയെസ് പറഞ്ഞു.

ബാഴ്‌സലോണ, പോർട്ടോ, സെവിയ്യ എന്നീ ടീമുകളെല്ലാം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനാൽ ഇത്തവണ കടുത്ത മത്സരം തന്നെ ടൂർണമെന്റിൽ പ്രതീക്ഷിക്കേണ്ടി വരും. യൂറോപ്പ ലീഗ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായതിനാൽ വെസ്റ്റ് ഹാം പ്രീ ക്വാർട്ടറിൽ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ടീമുകൾക്ക് പ്ലേ ഓഫ് കളിച്ചു വിജയിച്ചാലെ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കഴിയൂ.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit