ജെസ്സെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ വെസ്റ്റ് ഹാം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം ജെസ്സെ ലിംഗാര്‍ഡിനെ വീണ്ടും ടീമിലെത്തിക്കാന്‍ വെസ്റ്റ് ഹാമിന് താല്പര്യമുണ്ടെന്ന് 90min മനസിലാക്കുന്നു. ഈ സമ്മറോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കരാര്‍ അവസാനിക്കുന്ന ലിംഗാര്ഡിനെയാണ് വീണ്ടും വെസ്റ്റ് ഹാം നോട്ടമിട്ടിരിക്കുന്നത്.
2020-21 സീസണില്‍ യുണൈറ്റഡില്‍ നിന്ന് ലോണിൽ വെസ്റ്റ് ഹാമിന് വേണ്ടി കളിച്ചപ്പോൾ ലിംഗാർഡ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ആ സീസണില്‍ വെസ്റ്റ് ഹാമിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് ഒന്‍പത് ഗോളുകള്‍ നേടാന്‍ ലിംഗാര്‍ഡിന് കഴിഞ്ഞിരുന്നു. ഇതാണ് വീണ്ടും താരത്തെ ടീമിലെത്തിക്കുന്നതിന് വേണ്ടി വെസ്റ്റ് ഹാം ശ്രമം നടത്തുന്നത്.
ലിംഗാര്‍ഡിനെ സ്വന്തമാക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡ് രംഗത്തുണ്ടായിരുന്നെങ്കിലും ശമ്പളത്തിന്റെ കാര്യത്തില്‍ യോജിക്കാന്‍ കഴിയാത്തതിനാല്‍ ന്യൂകാസില്‍ ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇംഗ്ലീഷ് താരത്തെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിന് വേണ്ടി വെസ്റ്റ് ഹാം പ്രതിനിധികള്‍ ലിംഗാര്‍ഡിന്റെ പ്രതിനിധികളുമായി സംസാരിച്ചിട്ടുണ്ടെന്ന് 90min മനസിലാക്കുന്നുണ്ട്.
ഈ സീസണിൽ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ക്ക് കീഴില്‍ അവസരങ്ങൾ കുറഞ്ഞ ലിംഗാർഡിന്, പിന്നീട് റാൽഫ് റാങ്നിക്ക് യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുത്തതിന് ശേഷവും ടീമിലെ സ്ഥിരസാന്നിധ്യമാവാൻ കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ, ഈ സീസണോടെ താരം ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
2011 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ലിംഗാര്‍ഡ് ലെസ്റ്റര്‍ സിറ്റി, ഡര്‍ബി കൗണ്ടി, ബ്രൈറ്റണ്, ബര്‍മിങ്ഹാം സിറ്റി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടി ലോണില്‍ കളിച്ചിട്ടുണ്ട്.