ഡെക്ലാന് റൈസിനെ വില്‍ക്കില്ലെന്ന് വെസ്റ്റ് ഹാം, ചെല്‍സിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി

മധ്യനിര താരം ഡെക്ലാന് റൈസിനെ വില്‍ക്കാനില്ലെന്ന നിലപാടാണ് വെസ്റ്റ് ഹാം യുണൈറ്റഡിന്റേതെന്ന് റിപ്പോർട്ട്. വെസ്റ്റ് ഹാമുമായുള്ള കരാര്‍ പുതുക്കില്ലെന്ന് റൈസ് വ്യക്തമാക്കിയിട്ടും ഇംഗ്ലീഷ് താരത്തെ വിട്ട് നല്കാന് വെസ്റ്റ് ഹാം ഒരുക്കമല്ല.
150 മില്യന്‍ പൗണ്ടിൽ താഴെ ലഭിക്കുകയാണെങ്കില്‍ താരത്തെ വില്ക്കാന് ഉദ്ദേശമില്ലെന്നാണ് വെസ്റ്റ് ഹാമിന്റെ നിലപാട്. അവസാന സീസണില്‍ വെസ്റ്റ് ഹാമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് റൈസ്. കഴിഞ്ഞ സീസണിൽ വെസ്റ്റ് ഹാമിനായി 48 മത്സരങ്ങളിൽ കളിച്ച റൈസ് ടീമിനെ യൂറോപ്പ ലീഗിന്റെ സെമി ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും വെസ്റ്റ് ഹാമിന് കഴിഞ്ഞിട്ടുണ്ട്.
റൈസിനെ സ്വന്തമാക്കാന്‍ ചെല്‍സിക്ക് ഇപ്പോഴും ആഗ്രഹമുണ്ടെന്നും എന്നാല്‍ വെസ്റ്റ് ഹാം വില്പനക്കില്ലെന്ന് തറപ്പിച്ച് പറയുന്നുവെന്ന് ഫുട്ബോള്‍ ലണ്ടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തെ സ്വന്തമാക്കാമെന്ന ചെൽസിയുടെ മോഹങ്ങൾക്ക് തിരിച്ചടിയാണ് വെസ്റ്റ് ഹാമിന്റെ നിലപാട്.
ഏഴ് വയസ് മുതല്‍ 14 വയസ് വരെ ചെല്‍സിയുടെ അക്കാദമിയില്‍ കളിച്ച താരണാണ് റൈസ്. ഇവിടെ നിന്ന് ചെല്‍സിയുടെ യൂത്ത് അക്കാദമിയിലൂടെയായിരുന്നു റൈസ് ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്.
തനിക്ക് കരിയറിൽ കിരീടങ്ങള്‍ നേടണമന്ന് റൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. "ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഒന്നും നേടാത്ത കരിയര്‍ എനിക്ക് വേണ്ട എന്നത്," റൈസ് ഓവര്‍ലാപ് പോഡ്കാസ്റ്റില്‍ ഗാരി നെവില്ലിനോട് വ്യക്തമാക്കി. "കുട്ടിക്കാലത്ത് മുന്‍നിര താരങ്ങളെല്ലാം ട്രോഫികള്‍ നേടുന്നതും പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് എന്നിവ നേടുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഒരു ഫുട്ബോള്‍ ആരാധകന് എന്ന നിലയിലും കളിക്കാരന് എന്ന നിലയിലും എനിക്ക് മികച്ച കാര്യങ്ങള്‍ നേടണം. എനിക്ക് പ്രീമിയര്‍ ലീഗ്, ചാംപ്യന്‍സ് ലീഗ് എന്നിവ നേടണം, എഫ്. എ കപ്പ്, ലീഗ് കപ്പുകള്‍ എന്നിവയും നേടണം, ഇംഗ്ലണ്ടിനൊപ്പം പോലും എനിക്ക് എല്ലാം ജയിക്കണം," റൈസ് കൂട്ടിച്ചേർത്തു.