ചെൽസിയെക്കാൾ തനിക്കു യോജിക്കുന്നതും സന്തോഷം നൽകുന്നതും ജർമൻ ടീമാണെന്ന് ടിമോ വെർണർ


ചെൽസിയെക്കാൾ ജർമൻ ദേശീയ ടീമുമായി നല്ല രീതിയിൽ യോജിച്ചു പ്രവർത്തിക്കാൻ തനിക്കു കഴിയുന്നുണ്ടെന്ന് മുന്നേറ്റനിര താരമായ ടിമോ വെർണർ. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ഇസ്രയേലിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജർമനി വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തിൽ വെർണർ ഒരു ഗോൾ നേടിയപ്പോൾ ഹാവേർട്സ് ആണു മറ്റൊരു ഗോൾ കണ്ടെത്തിയത്.
ആർബി ലീപ്സിഗിൽ മികച്ച പ്രകടനം നടത്തിയിരുന്ന ടിമോ വെർണർക്കു പക്ഷെ ചെൽസിയിൽ തന്റെ മികവാവർത്തിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി സ്വന്തമാക്കുമ്പോൾ ടീമിലെ പ്രധാന സ്ട്രൈക്കർ വെർണർ ആയിരുന്നെങ്കിലും സുവർണാവസരങ്ങൾ പോലും മുതലാക്കാൻ കഴിയാതിരുന്നതിന്റെ പേരിൽ ഏറെ വിമർശനം താരം ഏറ്റു വാങ്ങിയിരുന്നു.
Timo Werner after scoring vs Israel: "There are differences in the style of play between football at Chelsea and here. Maybe the one at the national team suits me better. Here, I always have scoring chances, I can score goals. I feel very comfortable here." #CFC
— Nizaar Kinsella (@NizaarKinsella) March 27, 2022
"എപ്പോഴും ഗോളുകൾ നേടാൻ ആഗ്രഹമുള്ള സ്ട്രൈക്കറാണ് ഞാൻ. ചെൽസിയിൽ ഞാൻ ആഗ്രഹിച്ചതു പോലെയല്ല കാര്യങ്ങൾ മുന്നോട്ടു പോയത്. എന്നാലിവിടെ ഹാൻസി ഫ്ലിക്കിനു കീഴിൽ എല്ലാം ഭംഗിയായി മുന്നോട്ടു പോകുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കേ ടിമോ വെർണർ പറഞ്ഞു.
"ഫുട്ബോൾ കളിക്കുന്നത് ഞാൻ വളരെ ആസ്വദിക്കുന്നു, എവിടെ കളിക്കുന്നു എന്നത് പ്രധാനമല്ല. ചെൽസിയുടെയും ഇവിടുത്തെയും ശൈലികൾ തമ്മിൽ വളരെ വ്യത്യാസമുണ്ട്. ചിലപ്പോൾ ദേശീയ ടീമായിരിക്കും എനിക്ക് കൂടുതൽ യോജിക്കുന്നത്. ഇവിടെ എനിക്ക് ഗോളുകൾ നേടാൻ അവസരമുണ്ട്, ഗോളുകൾ നേടാനും കഴിയുന്നു, ഇവിടെ ഞാൻ വളരെ സന്തോഷവാനാണ്." വെർണർ വ്യക്തമാക്കി.
ലുക്കാക്കു വന്നതോടെ ചെൽസി ടീമിൽ തീരെ അവസരങ്ങൾ കുറഞ്ഞ താരം ഈ സീസണു ശേഷം പ്രീമിയർ ലീഗ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ജർമൻ ലീഗിലേക്ക് തന്നെ മടങ്ങി വരാൻ ആഗ്രഹിക്കുന്ന താരം ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുമെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.