Football in Malayalam

'ബെൻസിമ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർ, ഫ്രാൻസ് അപകടകാരികൾ' - വമ്പൻ പോരാട്ടത്തിനു മുൻപ് പ്രശംസയുമായി വെർണർ

Sreejith N
TOPSHOT-FBL-EURO-2020-2021-FRA-WAL-FRIENDLY
TOPSHOT-FBL-EURO-2020-2021-FRA-WAL-FRIENDLY / FRANCK FIFE/Getty Images
facebooktwitterreddit

യൂറോ കപ്പ് ടൂർണമെന്റിൽ ഫ്രാൻസും ജർമനിയും തമ്മിലുള്ള വമ്പൻ പോരാട്ടത്തിനു മുൻപ് ഫ്രാൻസ് സ്‌ട്രൈക്കറായ കരിം ബെൻസിമയെ പ്രശംസിച്ച് ജർമൻ മുന്നേറ്റനിര താരമായ ടിമോ വെർണർ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ ബെൻസിമക്കൊപ്പം എംബാപ്പെ, ഗ്രീസ്മാൻ സഖ്യം മുന്നേറ്റനിരയിൽ ചേരുന്നത് ഫ്രാൻസിനെ അത്യന്തം അപകടകാരികളാക്കി മാറ്റുന്നുവെന്ന് വെർണർ പറഞ്ഞു.

അഞ്ചു വർഷത്തോളമായി ഫ്രാൻസ് ടീമിൽ നിന്നും തഴയപ്പെട്ട ബെൻസിമ ഇക്കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനു വേണ്ടി മുപ്പതു ഗോളിലധികം നേടി മികച്ച പ്രകടനം കാഴ്‌ച വെച്ചതിനു ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്. ബെൻസിമയുടെ മടങ്ങിവരവിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തെ വെർണർ പ്രശംസിച്ചത്.

"അതൊരിക്കലും ഫ്രാൻസിനെ മോശമാക്കി മാറ്റുന്നില്ല. ബെൻസിമ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നമ്പർ 10 താരങ്ങളിൽ ഒരാളാണ്. ബെൻസിമ-ഗ്രീസ്മാൻ-എംബാപ്പെ ത്രയം അതുപോലെ കളിച്ചാൽ അത് അത്യന്തം അപകടകരവും ലോകോത്തര നിലവാരത്തിലുള്ളതുമായിരിക്കും," വെർണർ പറഞ്ഞു.

"ബെൻസിമയെപ്പോലൊരു സ്‌ട്രൈക്കറിൽ നിന്നും പലതും മനസിലാക്കാൻ കഴിയും. അതദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളുടെ മാത്രം പേരിലല്ല, താരത്തിന്റെ കഴിവ് കൊണ്ടാണ്. പന്തിന്മേൽ അവിശ്വസനീയമായ മികവാണ് താരത്തിനുള്ളതെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ നീക്കവും ഡ്രിബ്ലിങ്ങും ഫിനിഷിങ്ങും എല്ലാം മികച്ചതാണ്.

"ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെപോലെയാണ് ബെൻസിമ. പന്ത് നേരത്തെ സ്വന്തമാക്കി അത് മറ്റു താരങ്ങൾക്ക് നൽകുന്നതിനൊപ്പം തന്റെ കഴിവുപയോഗിച്ച് പെട്ടന്നു തന്നെ പെനാൽറ്റി ഏരിയയിലേക്കെത്തുന്നു. റോബർട്ട് ലെവൻഡോസ്‌കി, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച സെന്റർ ഫോർവേഡാണ് താരം."

ഈ സീസണിൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയെങ്കിലും ജർമൻ ടീമിൽ സ്ഥിര സാന്നിധ്യമല്ല വെർണർ. കഴിഞ്ഞ നവംബർ മുതൽ ഒരിക്കൽ പോലും ആദ്യ ഇലവനിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ലാത്ത താരം അതിൽ തനിക്ക് പരാതിയില്ലെന്നും ടീമിന്റെ മുന്നേറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit