മാധ്യമങ്ങളുടെ വിമർശനങ്ങൾ ചെൽസിയിലെ ആദ്യത്തെ സീസണെ ബാധിച്ചുവെന്ന് ടിമോ വെർണർ


തനിക്കെതിരെ മാധ്യമങ്ങളിൽ നിന്നും ഉയർന്ന വിമർശനങ്ങൾ ചെൽസിയിലെ ആദ്യത്തെ സീസണെ ബാധിച്ചിരുന്നുവെന്നു സമ്മതിച്ച് ജർമൻ മുന്നേറ്റനിര താരം ടിമോ വെർണർ. ജർമൻ ലീഗിൽ തകർപ്പൻ പ്രകടനം നടത്തിയ ഒരു സീസണു ശേഷമാണ് കഴിഞ്ഞ സമ്മറിൽ ചെൽസി വെർണറെ സ്വന്തമാക്കുന്നത്. എന്നാൽ ടീമിനൊപ്പം തന്റെ മികവു പുറത്തെടുക്കാൻ കഴിയാതിരുന്ന താരം അതിന്റെ ഭാഗമായി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.
പലപ്പോഴും സുവർണാവസരങ്ങൾ പോലും നഷ്ടപ്പെടുത്തിയ താരം ഗോൾമുഖത്ത് പതറുന്നതിന്റെ പേരിലാണ് പ്രധാനമായും വിമർശനങ്ങളെ നേരിട്ടിരുന്നത്. ചെൽസി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയെങ്കിലും താരത്തിന്റെ പ്രകടനം ആരാധകർക്ക് തൃപ്തി നൽകുന്നതായിരുന്നില്ല. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കഴിഞ്ഞ സീസണിൽ നേരിട്ട മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് വെർണർ പറഞ്ഞത്.
'You have to step away' - Werner admits struggles with media in first season at Chelsea https://t.co/3090ckpE89 pic.twitter.com/oRXYyqy2kA
— Goal Africa (@GoalAfrica) August 4, 2021
"ഫുട്ബോളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ മനോഭാവത്തെ ഉയരത്തിൽ പ്രതിഷ്ഠിച്ച് മറ്റു കാര്യങ്ങളെ തലയിൽ നിന്നും ഒഴിവാക്കി പുറത്തു നിർത്തുകയെന്നതാണ്. മാധ്യമങ്ങൾ ഇക്കാലത്ത് വലുതായിക്കൊണ്ടിരിക്കയാണ്. നിങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും എല്ലായിടത്തും ഹീറോയായിരിക്കും. എന്നാൽ മോശം പ്രകടനമാണെങ്കിൽ അതു തീർത്തും വ്യത്യസ്തമായ കഥയായിരിക്കും."
"അതിൽ നിന്നും പുറത്തു കടന്ന് നിങ്ങളുടെ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാൽ നിങ്ങളുടെ ഫോണിലും ചുറ്റിലും മാധ്യമങ്ങൾ ഉള്ളതു കൊണ്ട് അതത്ര എളുപ്പമല്ല. നിങ്ങൾക്ക് കാണാൻ കഴിയുന്ന തരത്തിൽ അതു പലതും നൽകുമെങ്കിലും അതിൽ നിന്നും മാറി നിന്ന്, സ്വന്തമായൊരു ബബിൾ സൃഷ്ടിച്ച് ഫുട്ബോളിനെ കുറിച്ചു മാത്രം ചിന്തിക്കുകയാണ് വേണ്ടത്."
"നിങ്ങളെ സഹായിക്കാനും മുന്നോട്ടു പോകാൻ കരുത്തു നൽകാനും ആളുകൾ ഒപ്പമുണ്ടാവുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. മികച്ച പ്രകടനം നടത്തുന്ന സമയങ്ങളിൽ അവർ നിങ്ങളെ നല്ല രീതിയിൽ നിലനിൽക്കാൻ സഹായിക്കുകയും മോശം സമയങ്ങളിൽ ഉയർത്തിയെടുക്കുകയും ചെയ്യും." വെർണർ ചെൽസി ഒഫിഷ്യൽ വെബ്സൈറ്റിനോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ 52 മത്സരങ്ങൾ ചെൽസിക്കു വേണ്ടി കളിച്ച വെർണർ 12 ഗോളുകൾ മാത്രമാണ് നേടിയിരിക്കുന്നത്. എന്നാൽ 15 അസിസ്റ്റുകൾ താരം അതിനൊപ്പം സ്വന്തമാക്കിയിട്ടുണ്ട്. ലുക്കാക്കുവിനു വേണ്ടി ചെൽസി സജീവമായ ശ്രമങ്ങൾ നടത്തുന്നതിനാൽ അടുത്ത സീസണിൽ വെർണർ ടീമിനൊപ്പം ഉണ്ടാകുമോയെന്ന് ഉറപ്പിക്കാനാവാത്ത സാഹചര്യമാണുള്ളത്.