"എംബാപ്പെ പിഎസ്‌ജിയുടെ കേളീശൈലിയിൽ ഒഴിവാക്കാനാവാത്ത താരം"- ഫ്രഞ്ച് ക്ലബിനു മുന്നറിയിപ്പു നൽകി ആഴ്‌സൺ വെങ്ങർ

Paris Saint-Germain v Stade de Reims - Ligue 1 Uber Eats
Paris Saint-Germain v Stade de Reims - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയുമായി കരാർ പുതുക്കാനുള്ള പിഎസ്‌ജിയുടെ ശ്രമങ്ങൾ ഇനിയും വിജയം കാണാത്തത് കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പു നൽകി മുൻ ആഴ്‌സണൽ പരിശീലകനായ ആഴ്‌സൺ വെങ്ങർ. പിഎസ്‌ജിയുടെ ശൈലിയിൽ വളരെ പ്രധാനപ്പെട്ട താരമായ എംബാപ്പെയുമായി കരാർ പുതുക്കുന്നത് നീണ്ടു പോയാൽ അത് കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

"സമയം പിഎസ്‌ജിക്ക് എതിരാണ്. എന്റെ പരിചയസമ്പത്തിൽ നിന്നും മനസ്സിലാക്കിയതു പ്രകാരം ഒരു താരവുമായി കരാർ പുതുക്കുന്നത് നീണ്ടു പോയാൽ അത് കൂടുതൽ ബുദ്ധിമുട്ടായി മാറും. പിഎസ്‌ജി താരവുമായി കരാർ പുതുക്കുന്നതിന് ഞാൻ ഒന്നര വർഷമായി കാത്തിരിക്കയാണ്. ക്ലബിന്റെ ശൈലിയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത താരമാണ് എംബാപ്പെ. എന്നാൽ വളരെ കുറഞ്ഞ സമയം മാത്രമാണ് ബാക്കിയുള്ളത്, ഇപ്പോൾ താരത്തിന് ആരുമായും കരാർ ഒപ്പിടാൻ കഴിയും."

"റയൽ മാഡ്രിഡ് പിഎസ്‌ജിക്ക് ഓഫർ നൽകിയ സാഹചര്യം ഉണ്ടായിരുന്നു. 180 മില്യൺ യൂറോ നിരസിക്കുമ്പോൾ, പിഎസ്‌ജിയെ സംബന്ധിച്ചും അതൊരു വലിയ തുക തന്നെയാണ്. ഈ തുക വേണ്ടെന്നു വെക്കുമ്പോൾ 'ഞങ്ങൾക്ക് മികച്ചൊരു സീസൺ ഉണ്ടാകും, ലയണൽ മെസി ടീമിലുണ്ട്, എംബാപ്പയെ ടീമിൽ നിന്നും ഒഴിവാക്കാൻ കഴിയില്ല, താരത്തെ ടീമിൽ തുടരാൻ സമ്മതിപ്പിക്കാൻ ഞങ്ങൾക്ക് കഴിയും' എന്നവർ ചിന്തിച്ചു കാണും." വെങ്ങർ കനാൽ പ്ലസിനോട് പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിയുടെ ടോപ് സ്കോററായ എംബാപ്പ അടുത്ത സമ്മറിൽ ക്ലബ് വിട്ടാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. അതേസമയം താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ഇപ്പോഴും തുടരുന്നുണ്ടെന്നത് പിഎസ്‌ജി ആരാധകർക്കും ക്ലബ് നേതൃത്വത്തിനും പ്രതീക്ഷയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.