Football in Malayalam

നേരത്തെ ആഴ്‌സണൽ വിടണമായിരുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ റയലിലേക്കോ ചേക്കേറണമായിരുന്നുവെന്നും ആഴ്‌സൺ വെങ്ങർ

Sreejith N
Media Interviews - 2020 Laureus World Sports Awards - Berlin
Media Interviews - 2020 Laureus World Sports Awards - Berlin / Boris Streubel/GettyImages
facebooktwitterreddit

1996 മുതൽ 2018 വരെ ആഴ്‌സനലിന്റെ പരിശീലകനായിരുന്ന ആഴ്‌സൺ വെങ്ങർ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകനായാണ് അറിയപ്പെടുന്നത്. എന്നാൽ താൻ കുറച്ചു കൂടി നേരത്തെ ആഴ്‌സണൽ വിടണമായിരുന്നു എന്നാണു കഴിഞ്ഞ ദിവസം അദ്ദേഹം അഭിപ്രായപ്പെട്ടത്. 2007ൽ സ്റ്റാൻ ക്രൊയേങ്കെ ക്ലബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതും സ്റ്റേഡിയം ഹൈബറിയിൽ നിന്നും എമിറേറ്റ്സിലേക്ക് മാറ്റിയതുമെല്ലാം പരിഗണിച്ച് താൻ ക്ലബ് വിട്ടേണ്ടതായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.

"ഹൈബറി എന്റെ ആത്മാവായിരുന്നു, എമിറേറ്റ്സ് എന്റെ വേദനയും. ഞങ്ങൾക്ക് താങ്ങാനാവുന്ന 200 മില്യൻ പൗണ്ടിന്റെ പ്രോജക്റ്റ് ആരംഭിച്ച് അത് 428 മില്യണിൽ അവസാനിച്ചപ്പോൾ തന്നെ അത് ബുദ്ധിമുട്ടേറിയതാവുമെന്ന് ഞാൻ മനസിലാക്കി. 2007ലാണ് നിർണായകമായ പോയിന്റ് ഉണ്ടായത്. സ്റ്റാൻ ക്രൊയേങ്കെയെ കൊണ്ടുവരാൻ ഡേവിഡ് ഡെയ്‌നിനു ധാരണയുള്ളതിനാൽ ബോർഡ് റൂമിൽ എനിക്ക് പിരിമുറുക്കം അനുഭവപ്പെട്ടു. ക്ലബിനോടാണോ ഡേവിഡിനോടാണ് വിശ്വാസ്യത കാണിക്കേണ്ടതെന്ന് വിഷമിച്ചു." വേങ്ങർ പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.

"അപ്പോഴാണ് പ്രൊജക്റ്റിന്റെ അവസാനം വരെ പോകാമെന്ന തീരുമാനം ഞാനെടുത്തു. എന്നാൽ ജീവിതം പിന്നീടൊരിക്കലും പഴയതു പോലെ അല്ലാത്തതിനാൽ ഞാൻ ശരിയായ തീരുമാനം ആയിരുന്നോ എടുത്തതെന്ന് ഞാൻ ആലോചിക്കുന്നു. പുതിയ സ്റ്റേഡിയത്തിലേക്ക് മാറിയതിനു ശേഷം ഞങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിന്നും മൂന്നും നാലും സ്ഥാനങ്ങളിലേക്ക് വീഴുകയും മികച്ച താരങ്ങളെ നഷ്‌ടമാവുകയും ചെയ്‌തു. മുൻപ് 30 വയസിനു ശേഷമാണ് അവരെ നഷ്ടമായതെങ്കിൽ അതിനു ശേഷം 25 വയസിൽ തന്നെ അവരെ നഷ്‌ടമായിത്തുടങ്ങി."

"വളരെ പരിമിതമായ വിഭവങ്ങൾ വെച്ച്, ക്ലബിന്റെ കടങ്ങൾ വീട്ടാൻ കഴിയുന്ന ഒരു തലത്തിൽ തന്നെ അവരെ നിലനിർത്തുക എന്നതെല്ലാം പരിഗണിക്കുമ്പോൾ 2006 മുതൽ 2015 വരെ ഞാൻ വ്യക്തിപരമായി ഏറ്റവും മികച്ച ജോലിയാണ് ചെയ്‌തത്‌. ഞാൻ മറ്റെവിടേക്കെണ്ടിലും പോകണമായിരുന്നു. ഫ്രഞ്ച് ദേശീയ ടീമിലേക്കോ, ഇംഗ്ലണ്ട് ടീമിലേക്കോ റയൽ മാഡ്രിഡിലേക്ക് രണ്ടു തവണയോ യുവന്റസിലേക്കോ പിഎസ്‌ജിയിലേക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരെ പോകണമായിരുന്നു." വെങ്ങർ പറഞ്ഞു.

ആഴ്‌സണൽ നേരത്തെ വിടണമായിരുന്നു എന്നു പറഞ്ഞതിനൊപ്പം തന്നെ ക്ലബ് വിട്ടപ്പോഴുണ്ടായ വേദനയും വെങ്ങർ വെളിപ്പെടുത്തി. അതൊരു ശവമടക്ക് പോലെയായിരുന്നുവെന്നും അന്നു വരെ തന്നെ വിമർശിച്ചവരെല്ലാം ആ ദിവസങ്ങളിൽ തന്നോട് സ്നേഹം കാണിച്ചുവെന്നും അദ്ദേഹം പറയുന്നു. അതൊരു മനോഹരമായ സ്നേഹത്തിന്റെ കഥയായിരുന്നുവെന്നും വേങ്ങർ കൂട്ടിച്ചേർത്തു.

facebooktwitterreddit