Football in Malayalam

യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ ബെൻസിമയെ ഉൾപ്പെടുത്തണം, ദെഷാംപ്‌സിനു സമ്മർദ്ദമേറ്റി ആഴ്‌സൻ വെങ്ങർ

Sreejith N
Real Madrid v Chelsea - UEFA Champions League
Real Madrid v Chelsea - UEFA Champions League / Soccrates Images/Getty Images
facebooktwitterreddit

റയൽ മാഡ്രിഡിനൊപ്പം തകർപ്പൻ പ്രകടനം തുടരുമ്പോഴും ഫ്രാൻസ് ദേശീയ ടീമിൽ നിന്നും കരിം ബെൻസിമയെ മാറ്റി നിർത്തുന്നതിനെതിരെ മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ. കായികപരമല്ലാത്ത കാരണങ്ങളാൽ ബെൻസിമയെ സ്ഥിരമായി ദേശീയ ടീമിൽ നിന്നും ഒഴിവാക്കുന്നത് നീതിയല്ലെന്നും താരത്തിന് വരാനിരിക്കുന്ന യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ ഇടം നൽകണമെന്നും വെങ്ങർ ആവശ്യപ്പെട്ടു.

ഫ്രാൻസ് ടീമിലെ സഹതാരമായിരുന്ന മാത്യു വാൽബുവെനയെ പണം തട്ടാൻ വേണ്ടി ബ്ലാക്‌മെയ്ൽ ചെയ്‌തതിൽ ബെൻസിമയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് ഫ്രാൻസ് ടീമിൽ നിന്നും റയൽ മാഡ്രിഡ് സ്‌ട്രൈക്കറെ തഴയാനാരംഭിച്ചത്. 2015ൽ ആരംഭിച്ച വിവാദത്തെത്തുടർന്നുണ്ടായ കേസിന്റെ വിചാരണ ഈ വർഷം ഒക്ടോബറിലാണ് ആരംഭിക്കുക. ആരോപണം ബെൻസിമ നിഷേധിച്ചെങ്കിലും ഇക്കാലമത്രയും താരം ദേശീയ ടീമിൽ നിന്നും പുറത്താണ്.

"ബെൻസിമ ഫ്രാൻസ് ടീമിനൊപ്പമില്ലാത്തത് കളിക്കാരനെന്ന നിലയിൽ താരത്തിന്റെ കഴിവ് മോശമായതു കൊണ്ടല്ല. എന്നെ സംബന്ധിച്ച് ബെൻസിമ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് വിളിക്കപ്പെടാൻ നൂറു ശതമാനം അർഹനാണ്." ഇഎഫ്ഇയോട് സംസാരിക്കുമ്പോൾ വെങ്ങർ പറഞ്ഞു.

"ഏതു ദേശീയ ടീമിലും കളിക്കാൻ ബെൻസിമക്ക് അർഹതയുണ്ട്. കായികപരമല്ലാത്ത കാരണം കൊണ്ടാണ് താരം എല്ലായിപ്പോഴും ടീമിനു പുറത്തിരിക്കുന്നത്. പത്തു വർഷത്തോളമായി റയൽ മാഡ്രിഡ് ടീമിലെ സ്ഥിരസാന്നിധ്യമായ ബെൻസിമയുടെ റെക്കോർഡുകൾ വളരെ മികച്ചതുമാണ്." വെങ്ങർ വ്യക്തമാക്കി.

2007 മുതൽ ഫ്രാൻസ് ടീമിനു വേണ്ടി കളിച്ചിരുന്ന ബെൻസിമ 81 മത്സരങ്ങളിൽ നിന്നും 27 ഗോളുകൾ നേടിയിട്ടുണ്ട്. മികച്ച ഫോമിലായിട്ടും ദേശീയ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് 2018ലെ ലോകകിരീടം നേടാനുള്ള അവസരം താരത്തിന് നഷ്ടമായിരുന്നു. ഈ സീസണിലും റയലിന്റെ ടോപ് സ്കോററായ താരം 41 മത്സരങ്ങളിൽ നിന്നും 28 ഗോളുകൾ നേടിയിട്ടുണ്ട്.

facebooktwitterreddit