കോപ്പ അമേരിക്ക ഫൈനലിൽ നേരിട്ട അതേ രീതിയിൽ അടുത്ത മത്സരത്തിലും ബ്രസീലിനെതിരെ കളിക്കുമെന്ന് ലൗട്ടാരോ മാർട്ടിനസ്

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ തങ്ങൾ കളിച്ചത് എങ്ങനെയാണോ അതേ രീതിയിൽത്തന്നെയാകും അടുത്ത ദിവസം നടക്കാനിരിക്കുന്ന ലോകകകപ്പ് യോഗ്യതാ മത്സരത്തിലും അവരെ നേരിടുകയെന്ന് അർജന്റൈൻ സൂപ്പർ താരം ലൗട്ടാരോ മാർട്ടിനസ്. വെനസ്വേല ക്കെതിരെ ഇന്ന് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒരു ഗോളും, ഒരു അസിസ്റ്റുമായി ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചതിന് ശേഷം സംസാരിക്കവെയായിരുന്നു കാനറികൾക്കെതിരായ അടുത്ത മത്സരത്തെക്കുറിച്ച് ലൗട്ടാരോ മനസ് തുറന്നത്.
"ബ്രസീലിനെതിരായ മത്സരം വളരെ മികച്ചതായിരിക്കും. അത് അസാധാരണമായ മത്സരമായിരിക്കും. സാധ്യമായ ഏറ്റവും മികച്ച രീതിയിൽ ഈ മത്സരത്തിനായി തയ്യാറെടുക്കാൻ ഞങ്ങൾ ശ്രമിക്കും. കോപ്പ അമേരിക്ക ഫൈനലിൽ ചെയ്തതിന് സമാനമായ രീതിയിൽ അവരെ നേരിടാൻ ഞങ്ങൾ ശ്രമിക്കും," തിങ്കളാഴ്ച പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തെക്കുറിച്ച് ലൗട്ടാരോ പറഞ്ഞു.
അതേ സമയം വെനസ്വേലക്കെതിരെ വിജയം കണ്ട മത്സരത്തെക്കുറിച്ചും സംസാരത്തിനിടെ അർജന്റൈൻ സൂപ്പർ താരം മനസ് തുറന്നു. വെനസ്വേല കടുപ്പമുള്ള എതിരാളിയായിരുന്നുവെന്നും ദക്ഷിണ അമേരിക്കയിൽ അവരെ നേരിടുന്നത് കഠിനമാണെന്നും ചൂണ്ടിക്കാട്ടിയ ലൗട്ടാരോ, മൂന്ന് പോയിന്റുകൾ നേടിയതിലുള്ള സന്തോഷവും പങ്കു വെച്ചു.
"മൂന്ന് പോയിന്റുകൾ വളരെ പ്രധാനമാണ്. വെനസ്വേല കടുപ്പമുള്ള എതിരാളിയാണ്. ദക്ഷിണ അമേരിക്കയിൽ അവരെയെല്ലാം നേരിടുന്നത് കഠിനമാണ്, എന്നാൽ ഞങ്ങൾക്ക് മികച്ച ആദ്യ പകുതി ലഭിച്ചു. ഞങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചു. ഗോളുകൾക്ക് ശേഷം കൂടുതൽ സമാധാനപരമായി കളിക്കാൻ ഞങ്ങൾക്കായി. പ്രധാനപ്പെട്ട മൂന്ന് പോയിന്റുകളുമായി മടങ്ങാനും സാധിച്ചു.
"ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം സ്കോർ ചെയ്യേണ്ടത് പ്രധാനമാണ്. എന്നാൽ ഏറ്റവും പ്രധാന കാര്യം അർജന്റീന ദേശീയ ടീം വിജയിച്ചു എന്നതാണ്. നിങ്ങൾ എല്ലായ്പ്പോളും ഗ്രൂപ്പിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്," മാർട്ടിനസ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.