Football in Malayalam

പോർച്ചുഗൽ റൊണാൾഡോയുടെ ഗോളുകളെ അമിതമായി ആശ്രയിക്കുന്നു, അദ്ദേഹത്തെ തങ്ങൾ നിയന്ത്രിച്ചു നിർത്തേണ്ടതുണ്ട്; ദെഷാംപ്സ്

Gokul Manthara
Portugal v Germany - UEFA Euro 2020: Group F
Portugal v Germany - UEFA Euro 2020: Group F / Alexander Hassenstein/Getty Images
facebooktwitterreddit

യൂറോ 2020 ലെ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നാളെ പുലർച്ചെ പോർച്ചുഗലിനെ നേരിടാനൊരുങ്ങുകയാണ് ഫ്രാൻസ്. നേരത്തെ തന്നെ ടൂർണമെന്റിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞ ഫ്രാൻസ് അവസാന മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനാവും ശ്രമിക്കുക. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും അദ്ദേഹം നയിക്കുന്ന പോർച്ചുഗലിൽ നിന്നും ഈ മത്സരത്തിൽ ശക്തമായ പോരാട്ടം ഫ്രാൻസിന് നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്‌. ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സും, അവരുടെ നായകനായ ഹ്യൂഗോ ലോറിസും ഇതിൽ ബോധവാന്മാരാണ്. മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ഇവരിരുവരും ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു‌.

പോർച്ചുഗലിനെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിച്ചു കെട്ടാൻ തങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്നാണ് ദെഷാംപ്സ് പറയുന്നത്‌. ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം വളരെ നിർണായകമായ പ്രകടനങ്ങൾ ടീമിനായി പുറത്തെടുത്തുവെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

""ഈ പോർച്ചുഗീസ് ടീം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളുകളെ വളരെയധികം ആശ്രയിക്കുന്നുണ്ടെന്ന് നമുക്കറിയാം. ആദ്യ രണ്ട് മത്സരങ്ങളിൽ അദ്ദേഹം വളരെ നിർണായകമായിരുന്നു‌. അദ്ദേഹത്തിന്റെ സ്വാധീനം നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ട്." "

ദിദിയർ ദെഷാംപ്സ്.

അതേ സമയം പോർച്ചുഗലിനെതിരെ കളിക്കുന്നത് തങ്ങൾക്ക് ശരിക്കുമൊരു വെല്ലുവിളിയാണെന്നായിരുന്നു ഫ്രാൻസ് നായകൻ ഹ്യൂഗോ ലോറിസ് വ്യക്തമാക്കിയത്. പോർച്ചുഗൽ ഇപ്പോളും യോഗ്യത നേടാൻ കളിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ ലോറിസ്, ഗ്രൂപ്പിൽ സാധ്യമായ ഏറ്റവും മികച്ച സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ഫ്രാൻസ് ശ്രമിക്കുകയെന്നും കൂട്ടിച്ചേർത്തു.

facebooktwitterreddit