ബാഴ്സലോണക്ക് തന്റെ കീഴിൽ ലാലീഗ ലഭിക്കാതിരുന്നതിന് കാരണം റയൽ മാഡ്രിഡിന് ലഭിച്ച 6 പെനാൽറ്റികളെന്ന് ക്വികെ സെറ്റിയൻ

താൻ പരിശീലകനായിരുന്ന സമയത്ത് ബാഴ്സലോണക്ക് ലാലീഗ നേടാൻ കഴിയാതിരുന്നതിന് കാരണം അത്തവണ റയലിന് ആറ് പെനാൽറ്റികൾ ലീഗിൽ ലഭിച്ചതിനാലെന്ന് ക്വിക്കെ സെറ്റിയൻ. ബാഴ്സലോണയുടെ പരിശീലക സ്ഥാനം വിട്ടതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി സെറ്റിയൻ രംഗത്തെത്തിയിരിക്കുന്നത്. 2019-20 സീസൺ ലാലീഗയിൽ റഫറിയിംഗ് റയലിന് വലിയ രീതിയിൽ അനുകൂലമാകുന്നു എന്ന ആരോപണം ശക്തമായിരുന്നു. അങ്ങനെ അവർക്ക് പെനാൽറ്റികൾ ലഭിച്ചത് മൂലമാണ് തങ്ങൾക്ക് ലീഗ് നേടാൻ കഴിയാത്തതെന്നാണ് സെറ്റിയൻ ചൂണ്ടിക്കാട്ടുന്നത്.
റയലിന് ലഭിച്ച 6 പെനാൽറ്റികളാണ് താൻ ബാഴ്സലോണയുടെ പരിശീലകനായിരുന്ന സമയത്ത് അവർക്ക് ലാലീഗ കിരീടം നേടിക്കൊടുത്തതെന്ന് പറയുന്ന സെറ്റിയൻ, കാറ്റലൻ ക്ലബിന്റെ ഡ്രെസ്സിംഗ് റൂമിനെതിരെയും സംസാരത്തിനിടെ ആഞ്ഞടിച്ചു. പരിശീലക കരിയറിൽ താൻ അത് പോലൊരു ഡ്രെസ്സിംഗ് റൂം കണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അത് ഡ്രെസ്സിംഗ് റൂമായിരുന്നില്ല മറിച്ച് മറ്റെന്തോ ആയിരുന്നുവെന്നും അവിടെ ഒട്ടും സന്തോഷമില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
ബാഴ്സലോണ വിട്ടതിന് ശേഷം മറ്റൊരു ക്ലബ്ബിന്റേയും പരിശീലക ഓഫർ സ്വീകരിച്ചിട്ടില്ലാത്ത സെറ്റിയൻ ഇനിയൊരിക്കലും താൻ പരിശീലക വേഷം അണിഞ്ഞേക്കില്ലെന്നും ജോട്ട് ഡൗണിനോട് സംസാരിക്കവെ വ്യക്തമാക്കി.
"വീണ്ടും ഒരു ടീമിനെ [ഭാവിയിൽ] പരിശീലിപ്പിക്കുന്നതായി ഞാൻ കാണുന്നില്ല. എനിക്ക് അതിലുള്ള താല്പര്യം മുഴുവൻ നഷ്ടപ്പെട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ അനുഭവിക്കുന്ന ഫുട്ബോളല്ല ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഫുട്ബോൾ. ഫുട്ബോൾ കളിക്കുന്നതായിരുന്നു ഞാൻ ഇഷ്ടപ്പെട്ടിരുന്നത്. സത്യം പറഞ്ഞാൽ ഒരു പരിശീലകനാകുന്നതിനെക്കുറിച്ച് ഞാനൊരിക്കലും ഓർത്തിട്ടില്ല," സെറ്റിയൻ പറഞ്ഞു.
നേരത്തെ കഴിഞ്ഞ വർഷം ജനുവരിയിൽ ഏണസ്റ്റോ വൽവർഡെക്ക് പകരക്കാരനായിട്ടായിരുന്നു സെറ്റിയൻ ബാഴ്സലോണയുടെ പരിശീലക സ്ഥാനമേറ്റെടുത്തത്. 2022 വരെയായിരുന്നു സെറ്റിയൻ ക്ലബ്ബുമായി ഒപ്പു വെച്ച കരാറെങ്കിലും ആ ആ വർഷം നടന്ന ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് രണ്ടിനെതിരെ എട്ട് ഗോളുകൾ വഴങ്ങി ബാഴ്സലോണ നാണം കെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ പരിശീലക സ്ഥാനം തെറിക്കുകയായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.