ബാഴ്സലോണ മികച്ച രീതിയിൽ പൊരുതി, കുറച്ച് കൂടി സമയമുണ്ടായിരുന്നെങ്കിൽ ഗ്രനഡക്കെതിരെ വിജയിക്കാമായിരുന്നുവെന്നും കൂമാൻ

ഗ്രനഡക്കെതിരെ സമനില വഴങ്ങേണ്ടി വന്നതിൽ തൃപ്തനല്ലെങ്കിലും ടീം മത്സരത്തിൽ നല്ല പ്രകടനം കാഴ്ച വെച്ചെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ. കുറച്ച് കൂടി സമയുണ്ടായിരുന്നെങ്കിൽ തങ്ങൾക്ക് വിജയിക്കാമായിരുന്നുവെന്ന് പറയുന്ന ബാഴ്സലോണ ബോസ്, രണ്ടാം പകുതിയിൽ ടീം നന്നായി പൊരുതിയെന്നും കൂട്ടിച്ചേർത്തു. ഗ്രനഡക്കെതിരായ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൂമാൻ.
"ഞങ്ങളുടെ സ്ക്വാഡ് ലിസ്റ്റ് നോക്കൂ, ഞങ്ങൾക്ക് കഴിയുന്നത് ഞങ്ങൾ ചെയ്തു. ടിക്കി-ടാക്ക കാലത്തെ കളികാർ ഇപ്പോൾ ഞങ്ങൾക്കൊപ്പമില്ല. ഞങ്ങൾക്ക് ഞങ്ങളുടെ സ്വന്തം ശൈലിയിൽ കളിക്കേണ്ടതുണ്ട്." ബാഴ്സലോണയുടെ ടീം സജ്ജീകരണത്തേയും ശൈലിയേയും കുറിച്ചുള്ള ചോദ്യത്തിന് കൂമാൻ മറുപടി നൽകി.
"ഞങ്ങൾ നന്നായി ചെയ്തുവെന്ന് ഞാൻ കരുതുന്നു. കുറച്ച് സമയം കൂടിയുണ്ടായിരുന്നെങ്കിൽ ഞങ്ങൾക്ക് വിജയിക്കാമായിരുന്നു. ആദ്യ പകുതിയിൽ 4-3-3 എന്ന അടിസ്ഥാന ശൈലിയിലായിരുന്നു ടീം കളിച്ചത്. പിന്നീട് ബെഞ്ചിലെ താരങ്ങളെ അടിസ്ഥാനമാക്കി എനിക്ക് മാറ്റങ്ങൾ വരുത്തേണ്ടി വന്നു. എട്ട് വർഷങ്ങൾക്ക് മുൻപുള്ള ബാഴ്സലോണയല്ല ഇത്." കൂമാൻ പറഞ്ഞു
? ???? ???? #BarçaGranada pic.twitter.com/tGWkrQRVyX
— FC Barcelona (@FCBarcelona) September 20, 2021
തങ്ങൾക്കെതിരെ ഗ്രനഡ ശക്തമായി പ്രതിരോധിച്ചുവെന്ന് പറയുന്ന കൂമാൻ, സമനില നേടാൻ കഴിഞ്ഞെങ്കിലും രണ്ട് പോയിന്റുകൾ നഷ്ടപ്പെടുത്തിയത് മോശം കാര്യമാണെന്നും ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ഗോൾ നേടിയതിന് ശേഷം ഗ്രനഡ ധാരാളം സമയം മത്സരത്തിൽ പാഴാക്കിയെന്നും അനാവശ്യ കാര്യങ്ങളാൽ മത്സരത്തിലെ ഒത്തിരി സമയം നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
""ഗ്രനഡക്കെതിരായ സമനിലയിൽ നിങ്ങൾക്ക് സന്തോഷിക്കാനാവില്ല. രണ്ടാം പകുതിയിൽ ഞങ്ങൾ നന്നായി പൊരുതി. എന്നാൽ മത്സരത്തിന്റെ രണ്ടാം മിനുറ്റ് മുതൽ അവർ സമയം നഷ്ടപ്പെടുത്തി. ഈ രീതി മാറേണ്ടതുണ്ട്." "
- റൊണാൾഡ് കൂമാൻ
അതേ സമയം ഗ്രനഡക്കെതിരായ മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ പിന്നിലായ ബാഴ്സലോണ തൊണ്ണൂറാം മിനുറ്റിൽ റൊണാൾഡ് അരൗജോ നേടിയ ഗോളിലായിരുന്നു സമനില പിടിച്ചെടുത്തത്. സമനിലയോടെ 4 മത്സരങ്ങളിൽ 8 പോയിന്റായ കറ്റാലൻ ക്ലബ്ബ് നിലവിൽ ലാലീഗ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.