Football in Malayalam

മെസി ബാഴ്സയിൽ പുതിയ കരാർ ഒപ്പുവെക്കുന്നതിനും, ക്ലബ്ബിലെത്തുന്നതിനും വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്ന് പിക്വെ

Gokul Manthara
FC Barcelona v CA Osasuna - Copa Del Ray
FC Barcelona v CA Osasuna - Copa Del Ray / David Ramos/Getty Images
facebooktwitterreddit

ജൂൺ അവസാനത്തോടെ ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ഇതു വരെയും ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പുവെച്ചിട്ടില്ല. പുതിയ കരാർ കാര്യത്തിൽ കറ്റാലൻ ക്ലബ്ബുമായി അദ്ദേഹം ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ വന്നെങ്കിലും ഒന്നും ഇതു വരെ ഔദ്യോഗികമായിട്ടില്ല‌. മെസിയുടെ കരാറുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം വർധിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇപ്പോളിതാ ഇക്കാര്യത്തിൽ മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ താരം ജെറാർഡ് പിക്വെ.

ബാഴ്സലോണയുമായി മെസി പുതിയ കരാറിൽ ഒപ്പുവെക്കുന്നതിനും, അങ്ങനെ അദ്ദേഹം ഒപ്പമുണ്ടായിരിക്കുന്നതിനും വേണ്ടി കാത്തിരിക്കുകയാണ് തങ്ങളെന്ന് പറയുന്ന പിക്വെ, ക്ലബ്ബിൽ തുടരുന്ന കാര്യം അദ്ദേഹത്തിന് ബോധ്യപ്പെട്ടെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേർത്തു. മാഡ്രിഡിൽ നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഗാലയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

""മെസി കരാർ പുതുക്കുന്നതിനും, ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനും കാത്തിരിക്കുകയാണ് ഞങ്ങൾ. അദ്ദേഹത്തിന് ഇക്കാര്യം‌ (ക്ലബ്ബിൽ തുടരുന്ന കാര്യം) ബോധ്യപ്പെട്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." "

ജെറാർഡ് പിക്വെ

കഴിഞ്ഞ സീസൺ ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതല്ലായിരുന്നുവെന്നും സംസാരത്തിനിടെ പിക്വെ വ്യക്തമാക്കി.‌ കോപ്പ ഡെൽ റേയിൽ വിജയിച്ചെങ്കിലും, ലാലീഗയും, ചാമ്പ്യൻസ് ലീഗും നേടാതെ ഒരു വർഷത്തെ മികച്ചതായി തങ്ങൾ പരിഗണിക്കില്ലെന്നും ഇതിനെ വിശദീകരിച്ചു കൊ‌ണ്ട്‌ സ്പാനിഷ് താരം പറഞ്ഞു.

"ഞങ്ങൾ ഈ സീസണിനായി ശരിക്കും കാത്തിരിക്കുകയാണ്. ലാലീഗയാണ് സീസണിന്റെ തന്നെ അടിസ്ഥാനം. ലീഗിൽ മികച്ചു നിൽക്കുമെങ്കിൽ മറ്റ് മത്സരങ്ങളുടേയും, റൗണ്ട് ഘട്ടങ്ങൾ കഴിഞ്ഞ് മാർച്ച് ഏപ്രിൽ സമയമെത്തുമ്പോൾ കിരീടം നേടാനുള്ള സാധ്യതയിൽ ഞങ്ങൾ എത്തിച്ചേരും" പിക്വെ പറഞ്ഞു നിർത്തി.

facebooktwitterreddit