സുവർണതലമുറയല്ല, വെറും ബെൽജിയം; വമ്പൻ ടീമുകളോടു പൊരുതാൻ ടീമിനാവില്ലെന്ന് ഡി ബ്രൂയ്ൻ

Sreejith N
SOCCER NATIONS LEAGUE BELGIUM VS ITALY
SOCCER NATIONS LEAGUE BELGIUM VS ITALY / DIRK WAEM/GettyImages
facebooktwitterreddit

ഫിഫ റാങ്കിങ്ങിൽ വളരെക്കാലമായി ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നതു കൊണ്ടോ, ലോകഫുട്ബോളിലെ മികച്ച താരങ്ങൾ ടീമിലുള്ളതു കൊണ്ടോ ബെൽജിയത്തിന് വമ്പൻ ടീമുകളുമായി പൊരുതാനുള്ള കരുത്തുണ്ടെന്നു പ്രതീക്ഷിക്കാൻ കഴിയില്ലെന്ന് ടീമിലെ പ്രധാനതാരമായ കെവിൻ ഡി ബ്രൂയ്ൻ. ഇറ്റലിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോറ്റ് യുവേഫ നാഷൻസ് ലീഗിലെ മൂന്നാം സ്ഥാനം പോലും നേടാൻ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി താരം.

ദേശീയ ടീമിലെ എക്കാലത്തെയും മികച്ച സുവർണ തലമുറയെന്ന വിശേഷണം ലഭിച്ചുവെങ്കിലും ഇതുവരെയും അന്താരാഷ്‌ട്ര തലത്തിൽ ഒരു കിരീടം പോലും സ്വന്തമാക്കാൻ ബെൽജിയത്തിനു കഴിഞ്ഞിട്ടില്ല. ഫിഫ ഔദ്യോഗിക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നുണ്ടെങ്കിലും ടീമിനു ദൃഢതയും ആഴവും അവകാശപ്പെടാൻ കഴിയില്ലെന്നാണ് ഡി ബ്രൂയ്ൻ ഇന്നലത്തെ മത്സരത്തിനു ശേഷം പറഞ്ഞത്.

"മുൻനിര ടീമുകൾക്കെതിരെ ഞങ്ങൾ ചില സമയങ്ങളിൽ നന്നായി കളിക്കുകയും ഇന്ന് നല്ല പ്രകടനം കാഴ്‌ച വെക്കുന്ന നിരവധി പുതിയ താരങ്ങൾ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. ഈ കരുത്തിൽ എതിരാളികൾക്കെതിരെ കളിക്കാൻ കഴിയുന്നത് അവർക്ക് നല്ല അനുഭവമാണ്. എന്നാൽ നിർഭാഗ്യവശാൽ ഞങ്ങൾ രണ്ടു തവണയും തോറ്റു. എസ്റ്റോണിയക്കെതിരെയല്ല ഇപ്പോഴും കളിക്കുന്നതെന്ന് എല്ലാ ബഹുമാനത്തോടെയും കൂടി പറയുന്നു. ഈ വെല്ലുവിളികൾ വ്യക്തിയെന്ന നിലയിലും ടീമെന്ന നിലയിലും വളരാൻ വളരെ പ്രധാനമാണ്," എച്ച്എൻഎല്ലിനോട് ഡി ബ്രൂയ്ൻ പറഞ്ഞു.

"എല്ലാ ബഹുമാനത്തോടെയും കൂടിത്തന്നെ പറയുന്നു, ഞങ്ങൾ വെറും ബെൽജിയം മാത്രമാണ്. ഇതൊരു പുതിയ തലമുറയാണ്, ഞങ്ങൾക്ക് ഹസാർഡിനെയും ലുക്കാക്കുവിനെയും ഇന്നു നഷ്‌ടമായി. അതുകൊണ്ടു തന്നെ നിലവിലുള്ള ടീമിനെ കുറിച്ച് യാഥാർത്ഥ്യബോധത്തോടെ മനസിലാക്കണം. ഫ്രാൻസിനും സ്പെയിനും ഇരുപത്തിരണ്ടോളം ടോപ് ലെവൽ താരങ്ങളിൽ നിന്നും ടീമിനെ തിരഞ്ഞെടുക്കാൻ കഴിയുമ്പോൾ ഞങ്ങൾക്കതില്ല," ഡി ബ്രൂയ്ൻ വ്യക്തമാക്കി.

2014നു ശേഷമുള്ള എല്ലാ പ്രധാനപ്പെട്ട ടൂർണമെന്റുകളിലും കിരീടസാധ്യത കല്പിക്കപ്പെടുന്ന ടീമായാണ് ബെൽജിയം ഇറങ്ങിയതെങ്കിലും ഒരെണ്ണത്തിൽ മാത്രമേ അവർക്ക് ക്വാർട്ടർ ഫൈനലിനപ്പുറം മുന്നേറാൻ കഴിഞ്ഞിട്ടുള്ളൂ. 2018 ലോകകപ്പിൽ ബ്രസീലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനമാണ് റോബർട്ടോ മാർട്ടിനസിന്റെ ടീം നേടിയത്.


facebooktwitterreddit